മെത്രാന്‍ കായല്‍: പാരിസ്ഥിതിക പ്രാധാന്യം സര്‍ക്കാര്‍ അവഗണിച്ചെന്ന്

ktm-kayalജോമി കുര്യാക്കോസ്
കോട്ടയം: ഐക്യരാഷ്ട്രസഭയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടും കായല്‍ നിലങ്ങളെ ഇല്ലായ്മപ്പെടുത്താനും പാരിസ്ഥിതി പ്രാധാന്യം അവഗണിക്കാനും സര്‍ക്കാര്‍ ശ്രമമെന്ന് വിമര്‍ശനം. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്എഒ) ആഗോള പ്രാധാന്യമുള്ള കാര്‍ഷിക പൈതൃക സമ്പ്രദായമായി പ്രഖ്യാപിച്ച കായല്‍നിലങ്ങളില്‍ ഒന്നായ മെത്രാന്‍ കായലാണു വിവാദ ഉത്തരവിലൂടെ സര്‍ക്കാര്‍ നികത്താന്‍ ശ്രമിച്ചത്.

കായല്‍നിലങ്ങളിലെ കൃഷി പ്രോത്സാഹിപ്പിക്കാന്‍ കുട്ടനാട്ടില്‍ സര്‍ക്കാര്‍ അന്തര്‍ദേശീയ കായല്‍ കൃഷിനില ഗവേഷണപരിശീലനകേന്ദ്രം ആരംഭിച്ചതിനു പിന്നാലെയാണു മെത്രാന്‍ കായലിനു ചരമഗീതമെഴുതാന്‍ തിരക്കിട്ട് നീക്കം നടത്തിയത്. 2012-13ലാണു കുട്ടനാട്ടിലെ കായല്‍ നിലങ്ങള്‍, ഒഡീഷയിലെ ഗോത്ര വര്‍ഗക്കാരുടെ കൃഷിരീതി, കാശ്മീര്‍ താഴ്‌വര എന്നിവ യുഎന്നിന്റെ ആഗോള പൈതൃക സമ്പ്രദായമായി പ്രഖ്യാപിക്കപ്പെട്ടത്. സമുദ്ര നിരപ്പില്‍നിന്ന് 2.25 മീറ്റര്‍ താഴെയാണു കുട്ടനാട്ടിലെ കായല്‍ നിലങ്ങള്‍ സ്ഥിതിചെയ്യുന്നത്.

തീരപ്രദേശം, നിരവധി നദികള്‍, വിസ്തൃതമായ നെല്‍വയലുകള്‍ തുടങ്ങിയവ നിറഞ്ഞു കൃഷിയിടം ഇന്ത്യയിലെ ഏകസവിശേഷതയായതുകൊണ്ടാണു കായല്‍നിലങ്ങള്‍ പൈതൃക പട്ടികയില്‍ ഇടംപിടിച്ചത്. ആഗോള താപനത്തിന്റെ കാലത്ത് കായല്‍ നിലങ്ങള്‍ ലോകത്തിനു മാതൃകയാണെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കാലാവസ്ഥാവ്യതിയാനം മൂലം സമുദ്രനിരപ്പു അപകടകരമായ വിധത്തില്‍ ഉയര്‍ന്നു വയലുകള്‍ നശിക്കാനുള്ള സാധ്യത ശാസ്ത്രലോകം മുന്നില്‍ക്കാണുമ്പോഴാണ്, 200 വര്‍ഷങ്ങള്‍ക്ക് മുമ്പു സമുദ്രനിരപ്പിനു താഴെയുള്ള കായലിലെ ചെളികുത്തിയെടുത്തു സാഹസികമായി കൃഷി നടത്തിയ നിലങ്ങള്‍ മാതൃകയായി നിലകൊള്ളുന്നത്.

സംഘടിതശ്രമുണ്ടായാല്‍ മെത്രാന്‍ കായലില്‍ ഇനിയും കൃഷി നടത്താം. 20 വര്‍ഷത്തോളം കൃഷി മുടങ്ങിയ കുട്ടനാട്ടിലെ റാണി ചിത്തിര കായലുകളില്‍ അടുത്തയിടെ കൃഷി ആരംഭിച്ചിരുന്നു. ഇതിനെക്കാള്‍ വേഗത്തില്‍ മെത്രാന്‍ കായലില്‍ കൃഷി നടത്താന്‍ കഴിയുമെന്നാണു കര്‍ഷകരുടെ അഭിപ്രായം.  മറ്റുകായലുകളില്‍ പുളിരസം വില്ലനാകുമ്പോള്‍ മെത്രാന്‍കായലില്‍ ശുദ്ധജലമാണുള്ളത്. പുറം ബണ്ട് ശക്തിപ്പെടുത്തിയശേഷം വെള്ളം വറ്റിച്ചെടുത്താല്‍ കൃഷി അനായാസമായി ചെയ്യാം. കുമരകം പഞ്ചായത്ത് ഭരണസമിതി സംയുക്തപ്രമേയത്തിലൂടെ ഇവിടെ കൃഷി നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Related posts