മോസ്കോ: സിറിയയില്‍ വിമതര്‍ക്കും ഭീകരര്‍ക്കുമെതിരായ പോരാട്ടത്തില്‍ നിന്നു റഷ്യന്‍ സൈന്യം പിന്മാറുന്നു. സിറിയയില്‍ നിന്നു ഭാഗികമായി പിന്മാറാന് റഷ്യന്‍ സൈന്യത്തിനു പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് നിര്‍ദേശം നല്കി. റഷ്യന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണു പുടിന് പിന്മാറ്റം തുടങ്ങാന്‍ നിര്‍ദേശം നല്‍കിയത്.
സിറിയയിലെ ദൗത്യം ആറു മാസം കൊണ്ടു ഏറെക്കുറെ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണു റഷ്യന്‍ സൈന്യം പിന്മാറുന്നത്. വിമതരില്‍ നിന്നു ഭൂരിഭാഗവും പ്രദേശങ്ങളും തിരിച്ചു പിടിച്ചതായും പ്രസിഡന്റ് പുടിന് അറിയിച്ചു. റഷ്യന്‍ തീരുമാനത്തോടു സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് യോജിക്കുന്നതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
സിറിയന്‍ ആഭ്യന്തര യുദ്ധത്തിനു ശാശ്വത പ്രതിവിധി തേടി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ജനീവയില്‍ ചര്‍ച്ച ആരംഭിച്ചിരുന്നു. ഇതിനിടെയാണു സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള റഷ്യന്‍ നടപടി. സിറിയന്‍ സര്‍ക്കാരിന്റെയും വിമതകക്ഷികളുടേയും പ്രതിനിധികളും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണു സിറിയയിലെ ഐഎസ് താവളങ്ങള്‍ ലക്ഷ്യമിട്ടു റഷ്യ വ്യോമാക്രമണവും റോക്കറ്റ് ആക്രമണവും ആരംഭിച്ചത്. ഭീകരരെ നേരിടാന്‍ സൈനിക സഹായം അഭ്യര്‍ഥിച്ചുകൊണ്ട് പ്രസിഡന്റ് അസദ് റഷ്യയെ സമീപിക്കുകയായിരുന്നു.