പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പുതിയ സ്വകാര്യ ബസ്സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യം ശക്തമാകുന്നു. രാത്രിയായാല്‍ ബസ്സ്റ്റാന്‍ഡില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തത് സ്ത്രീ യാത്രികരെ ബുദ്ധിമുട്ടിലാക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് നഗരസഭ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും പ്രവര്‍ത്തന രഹിതമാണ്. കൂടാതെ ഒന്നാം ബ്ലോക്കിലെ ട്യൂബ് ലൈറ്റുകളും രണ്ടാം ബ്ലോക്കിലെ മെര്‍ക്കുറി ലൈറ്റുകളും പ്രവര്‍ത്തനക്ഷമമല്ല. ചുരുക്കം ചിലവ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇരു ബ്ലോക്കുകളിലേയും വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചത്തെ ആശ്രയിച്ചാണ് ബസ്സ്റ്റാന്‍ഡില്‍ യാത്രികര്‍ നില്‍ക്കുന്നത്.
കെട്ടിടത്തിന്റെ മുകളിലെ നില പലപ്പോഴും കൈയടക്കുന്ന സാമൂഹ്യവിരുദ്ധരുടെ ശല്യവും അവസാനിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. രണ്ടാം ബ്ലോക്കിന്റെ തെക്കുഭാഗം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കേന്ദ്രമായും മാറിയിരിക്കുകയാണ്. ഇതുമൂലം ഇവിടെ നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ട്. കൂടാതെ പൊലീസ് എയ്ഡ് പോസ്റ്റില്‍ പൊലീസിന്റെ സേവനം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്. എത്രയും വേഗം ഇതിനെല്ലാം പരിഹാരം കാണണമെന്നാണ് വ്യാപാരികളുടേയും യാത്രക്കാരുടേയും ആവശ്യം.