കഞ്ചാവ് വില്പന: പിടിയിലാകുന്നത് ചെറുമീനുകള്‍

alp-kanchavuആലപ്പുഴ: കഞ്ചാവു വില്പനയുമായി ബന്ധപ്പെട്ട് പോലീസും എക്‌സൈസും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ പിടികൂടുകയും ചെയ്യുന്നുണ്ടെങ്കിലും വില്പനയുമായി ബന്ധപ്പെട്ട വന്‍സ്രാവുകള്‍ ഇപ്പോഴും വലയ്ക്കുപുറത്ത്. താഴെത്തട്ടിലെ വിതരണക്കാരെ പിടികൂടുമ്പോഴും.  അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം വന്‍തോതില്‍ കഞ്ചാവ് ജില്ലയിലെത്തിച്ച് ചെറുകിടക്കാര്‍ക്ക് വിതരണം ചെയ്യുന്നവരെ പിടികൂടാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. പലകേസുകളിലും  ഇത്തരക്കാരെ കണ്ടെത്താന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. കഞ്ചാവിന്റെ ചില്ലറ  വില്പനയുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവര്‍ പലരും നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാറാണ് പതിവ്.

ഒരുകിലോയിലധികം കഞ്ചാവ് കൈവശം വച്ചെങ്കില്‍ മാത്രമേ പ്രതി റിമാന്‍ഡിലാകൂ. ഈ ആനൂകൂല്യം മുതലെടുത്താണ് ചില്ലറ വിപണനക്കാര്‍ രക്ഷപ്പെടുന്നത്. അന്യസംസ്ഥാനക്കാരും കഞ്ചാവ് വിപണനരംഗത്തുണ്ടെന്നാണ് കഴിഞ്ഞദിവസം ജില്ലയുടെ തെക്കന്‍മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്കാനെത്തിയ യുവാക്കള്‍ പിടിയിലായതോടെ വ്യക്തമായത്. അന്യസംസ്ഥാന തൊഴിലാളികളില്‍ ഒരു വിഭാഗവും യുവാക്കളും വിദ്യാര്‍ഥികളുമാണ് കഞ്ചാവ് മാഫിയായുടെ പിടിയിലാകുന്നവരിലേറെയും.

കുറഞ്ഞ പണെച്ചലവും ഒളിപ്പിക്കാനുള്ള സൗകര്യവുമാണ് ഇവരെ കഞ്ചാവിലേക്ക് ആകര്‍ഷിക്കുന്നത്. ആലപ്പുഴ നഗരത്തിന്റെ പല പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന നടക്കുന്നതായാണ് വിവിധ വകുപ്പുകളുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രത്യേക തരം പേപ്പറില്‍ ചുരുട്ടിയാണ് കഞ്ചാവ് ഉപയോഗിക്കുന്നത്. ഇത്തരം പേപ്പറുകള്‍ നഗരത്തിലെ ചില കടകളില്‍ നിന്ന് വാങ്ങാന്‍ കഴിയും.   പരിചയമുള്ളവര്‍ക്ക് മാത്രമേ പേപ്പറുകള്‍ ലഭിക്കു. ഇത്തരത്തില്‍ വാങ്ങുന്ന പേപ്പറുപയോഗിച്ച് സംഘമായാണ് കഞ്ചാവ് ഉപയോഗിക്കുന്നത്. പോലീസും എക്‌സൈസും പലപ്പോഴും കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപ്പേരെ സമീപകാലത്ത് പിടികൂടിയിട്ടുണ്ടെങ്കിലും കഞ്ചാവ് വില്‍പനയ്ക്ക് കുറവുണ്ടായിട്ടില്ല.

Related posts