ഒഴിവായത് വന്‍ ദുരന്തം! ഇടഞ്ഞ കൊമ്പന്റെ പരാക്രമം റെയില്‍വേ ട്രാക്കില്‍; ഗേറ്റ്മാനും സ്‌റ്റേഷന്‍മാസ്റ്ററും സമയോചിതമായി ഇടപെട്ടതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി; ഉള്ളില്‍ തീയുമായി ജനക്കൂട്ടം

Annaഒല്ലൂര്‍: ഒല്ലൂരില്‍ ഇന്നലെ രാത്രി ഇടഞ്ഞ കൊമ്പന്റെ പരാക്രമം റെയില്‍വേ ട്രാക്കില്‍. ആന പാളത്തിലൂടെ ഓടുന്നതറിഞ്ഞ് ഗേറ്റ്മാനും സ്‌റ്റേഷന്‍മാസ്റ്ററും സമയോചിതമായി ഇടപെട്ട് ഒല്ലൂരിലേക്ക് എത്തിക്കൊണ്ടിരുന്ന ട്രെയിന്‍ നിര്‍ത്തിയിടാന്‍ നിര്‍ദ്ദേശിച്ചത് വന്‍ ദുരന്തം ഒഴിവാക്കിയത്. രാത്രി പത്തോടെ തൈക്കാട്ടുശേരി ഭഗവതി ക്ഷേത്രത്തില്‍ മകീര്യം പുറപ്പാടിനിടെയാണ് തോപ്പിസ് ഉണ്ണികൃഷ്ണന്‍ എന്ന ആന ഇടഞ്ഞോടിയത്. പാപ്പാനെ കുത്തിയ ശേഷം ഒല്ലൂര്‍ റെയില്‍വേ ഗേറ്റിലെത്തി ഗേറ്റ്തകര്‍ത്ത് സ്റ്റേഷന്റെ ഭാഗത്തേക്ക് റെയില്‍വേ പാളത്തിലൂടെ നീങ്ങുകയായിരുന്നു. ഇതേ സമയം ഈ പാളത്തിലൂടെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് യാത്ര തുടര്‍ന്ന മുംബൈ-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിന്‍ ഒല്ലൂരിലെത്താറായിരുന്നു.

ഉടന്‍തന്നെ സ്റ്റേഷന്‍ മാസ്റ്റര്‍ തൃശൂര്‍ സ്റ്റേഷനില്‍ ബന്ധപ്പെടുകയും ട്രെയിന്‍ നിര്‍ത്തിയിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആന പാളത്തിലൂടെ വരുന്നതറിയാതെ ട്രെയിനെത്തിയിരുന്നെങ്കില്‍ വന്‍ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നുവെന്ന് റെയില്‍വേ ജീവനക്കാര്‍ പറഞ്ഞു. പിന്നീട് ആന തിരിച്ചുപോയെന്ന് ഉറപ്പാക്കിയ ശേഷമാണ് ട്രെയിന്‍ കടത്തിവിട്ടത്. ട്രെയിന്‍ കടന്നു പോകുന്നതുവരെ ഉള്ളില്‍ തീയായിരുന്നു എല്ലാവര്‍ക്കും. ഓടിക്കൊണ്ടിരിക്കുന്ന ആന വീണ്ടും തിരിച്ചെത്തുമോയെന്ന ഭയത്തിലാണ് ട്രെയിന്‍ കടത്തിവിട്ടത്. പക്ഷേ ഒല്ലൂരില്‍നിന്ന് ഓടിയ ആന ദേശീയപാതയിലെത്തിയിരുന്നു.

ആനയുടെ കുത്തേറ്റ പാപ്പാന്‍ കല്ലേറ്റുംകര കോര്‍പ്പുള്ളി വീട്ടില്‍ ചോതിയുടെ മകന്‍ സുരേഷിനെ(50) ഉടന്‍തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇരുപതു കിലോമീറ്ററോളം ഓടിയ ആനയെ തളയ്ക്കാന്‍ പോലീസും ഡോ. പി.ബി. ഗിരിദാസിന്റെ നേതൃത്വത്തിലുള്ള സംഘവും പോലീസും നാട്ടുകാരും പിന്നാലെ ഓടിയിരുന്നു. പക്ഷേ ആന നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കാതെയാണ് ഓടിയത്. റോഡിലൂടെ വാഹനങ്ങളില്‍വന്ന പലരും ആനയോടുന്നതറിഞ്ഞ് ജീവനുംകൊണ്ട് തിരിച്ചു പാഞ്ഞു. രണ്ടു മണിക്കൂറോളം ഓടിയ ആന രാത്രി പന്ത്രണ്ടോടെ ദേശീയപാതയ്ക്കു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കയറി നിന്നതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. ùആനയെ പുലര്‍ച്ചയോടെ  അവിടെനിന്ന് ലോറിയില്‍ കയറ്റി മുണ്ടൂരിലുള്ള പറമ്പിലേക്ക് കൊണ്ടുപോയി. സുരേഷിന്റെ മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Related posts