ആലപ്പുഴ കുടിവെള്ള പദ്ധതിക്കു കണ്ടെത്തിയത് മലിനജലമെന്ന് ആക്ഷേപം

ALP-WATERആലപ്പുഴ: ആലപ്പുഴ നഗരത്തിനും എട്ടുസമീപ പഞ്ചായത്തുകള്‍ക്കും കുടിവെള്ളം ലഭ്യമാക്കാനൊരുങ്ങുന്ന ആലപ്പുഴ കുടിവെള്ള പദ്ധതിക്കായുള്ള ജലസംഭരണം നടത്താനുദ്ദേശിക്കുന്ന ഇടത്തു മലിനജലമാണുള്ളതെന്ന് ആക്ഷേപം. പമ്പാനദിയില്‍ മാന്നാറിനടുത്തുള്ള പന്നായിക്കടവ് സൈറ്റ് പോയിന്റില്‍ നിന്നാണ് ജലസംഭരണത്തിന് അധികൃതര്‍ തയാറെടുക്കുന്നത്. അതേസമയം ഈ ജലസ്രോതസില്‍ പ്രത്യേകിച്ച് വേനല്‍ക്കാലത്ത് മലിനമായതും കലങ്ങിയതുമായ കറുത്ത-തവിട്ടു നിറത്തിലുള്ള ജലമാണുള്ളതെന്നാണ് പ്രദേശവാസികള്‍ പോലും പറയുന്നത്. മാലിന്യവാഹിയായ കനാല്‍  ഇവിടേക്കു എത്തുന്നുണ്ടെന്നതാണ് ഇതിനുള്ള കാരണം.

പന്നായിക്കടവില്‍ നി്ന്നും ജലം ശേഖരിക്കുന്നതിനെതിരെ ആലപ്പുഴ നിവാസികള്‍ പരാതി ഉന്നയിച്ചിട്ടും 2006 മുതല്‍ ഇന്നോളം പരിഹാരമുണ്ടായിട്ടില്ല.    നേരത്തെ പന്നായിക്കടവില്‍ നിന്നും ഏതാനും കിലോമീറ്റര്‍ അകലെയുള്ള പമ്പാനദിയും മണിമലയാറും അച്ചന്‍കോവിലാറും സംഗമിക്കുന്ന സ്ഥലത്തിനടുത്തുള്ള വീയപുരം ആറ്റുമാലി ചര്‍ച്ച് കടവില്‍ നിന്നും ജലം ശേഖരിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ദിനംപ്രതി ആറരകോടി ലിറ്റര്‍ ജലമാണ് പദ്ധതിക്കായി ശേഖരിക്കേണ്ടി വരിക. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് ജലലഭ്യത പമ്പാനദിയില്‍ കുറവുമായിരിക്കും. നിലവില്‍ പല പദ്ധതികളും പമ്പയില്‍ നിന്നുള്ള ജലം ശേഖരിക്കുന്ന വിധത്തിലുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ മൂന്നുനദികള്‍ സംഗമിക്കുന്ന മേഖല കൂടിയായ വീയപുരത്ത് ജലലഭ്യത കൂടുതലായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കു ജലം എത്തിക്കുന്നതിനുള്ള ദൂരവും വീയപുരത്തായിരുന്നെങ്കില്‍ കുറവാണ്.വീയപുരത്തെ ജലത്തില്‍ ലവണാംശമുണ്ടെന്ന കാരണം പറഞ്ഞാണു  ഇതു പന്നായിക്കടവിലേക്കു മാറ്റിയിരിക്കുന്നത്.   എന്നാല്‍ 2003-നും ശേഷമുള്ള കാലയളവില്‍ വീയപുരത്തെ ജലത്തില്‍ ഉപ്പിന്റെ സാന്നിധ്യം റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു വീയപുരത്തു പ്രവര്‍ത്തിക്കുന്ന ദേശീയ മത്സ്യവിത്തുല്പാദനകേന്ദ്രം അധികൃതര്‍ മറുപടി നല്കിയിട്ടുമുണ്ട്.

വീയപുരത്തു നിന്നും പന്നായിക്കടവിലേക്കു മാറ്റുമ്പോള്‍ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ആലപ്പുഴ നിവാസികളടക്കം അധികൃതര്‍ക്കു നല്കിയിട്ടും ഫലമുണ്ടായില്ല.  മലിനജലത്തിലുള്ള ജലജന്യരോഗങ്ങള്‍ക്കു കാരണമായേക്കാവുന്ന വൈറസുകളും ബാക്ടീരിയകളും പരമ്പരാഗത ജലശുദ്ധീകരണ സംവിധാനം മുഖേന നശിക്കുകയില്ലെന്ന ആരോഗ്യ വിദഗ്ധരുടെ റിപ്പോര്‍ട്ടുകളും ജലം മലിനമാണെന്നുള്ള അഡ്വക്കറ്റ് കമ്മീഷന്റെ റിപ്പോര്‍ട്ടുമുള്‍പ്പടെയുള്ളവ അവഗണിച്ചാണ് ഇവിടെനിന്നും ശുദ്ധജല ശേഖരണത്തിനൊരുങ്ങുന്നത്.  എയ്‌റേഷന്‍, റാപ്പിഡ് മിക്‌സിംഗ്, ഫ്‌ളോക്കുലേഷന്‍, സെഡിമെന്റേഷന്‍, റാപ്പിഡ് സാന്‍ഡ് ഫില്‍ട്രേഷന്‍, ക്ലോറിനേഷന്‍ എന്നിവയുള്‍പ്പെടുന്ന പരമ്പരാഗത ജലശുദ്ധീകരണ സംവിധാനമാണ് ആലപ്പുഴ ശ ുദ്ധജല പദ്ധതിയുടെ ഭാഗമായി കരുമാടിയില്‍ സ്ഥാപിച്ച ജലശുദ്ധീകരണ പ്ലാന്റിലുള്ളതെന്ന് വിവരാവകാശ നിയമപ്രകാരം ജല അഥോറിറ്റി നല്കിയ മറുപടിയിലും പറയുന്നുണ്ട്.

Related posts