കൊച്ചി: ഗര്‍ഭിണിയായ യുവതിയെ കാമുകന് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ സംഭവത്തില്‍ അന്വേഷണം പെണ്വാണിഭസംഘത്തിലേക്കു നീളുന്നു. കാമുകന് അബ്ദുള്‍ റഹ്മാന്റെ അമ്മ ജാസ്മിനും അവരുടെ അടുപ്പക്കാരന് തിരുവനന്തപുരം സ്വദേശി അരുണ്‍ ഗോപാലും യുവതിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചു എന്നുള്ളതും ജാസ്മിന്റെ അമ്മ താമസിക്കുന്ന തൃക്കാക്കരയിലുള്ള വീട്ടില്‍ സ്ത്രീകളെ കൊണ്ട് വന്ന് പെണ്‍വാണിഭത്തിന് ഉപയോഗിച്ചിരുന്നതായി യുവതി മൊഴി നല്‍കിയതുമാണ് പെണ്‍വാണിഭസംഘത്തിന് കേസുമായി ബന്ധമുണ്ടോ എന്നുള്ള അന്വേഷണത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാസ്മിനും ഇവരുടെ അടുപ്പക്കാരനും ഇപ്പോള്‍ റിമാന്‍ഡിലാണ്.
ജാസ്മിന്റെ അമ്മ താമസിക്കുന്ന തൃക്കാക്കരയിലുള്ള വീട്ടില്‍ വച്ചും കാക്കാനാട്ടെ ഫഌറ്റില്‍ വച്ചും യുവതിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചതായി യുവതി മൊഴി നല്കിയിട്ടുള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ മരിച്ച് അനാഥയായ ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയെയാണ് അബ്ദുള്‍ റഹ്മാന് ഗര്‍ഭിണിയാക്കിയ ശേഷം എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. മാതാപിതാക്കള്‍ വളരെ ചെറുപ്പത്തിലെ മരിച്ച യുവതി അമ്മൂമ്മയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്.
എന്നാല്‍, രണ്ട് വര്‍ഷം മുന്‍പ് അമ്മൂമ്മ മരിച്ചതിനെത്തുടര്‍ന്ന് വീടുകളില്‍ ജോലി ചെയ്താണ് ഇവര്‍ ജീവിച്ചിരുന്നത്. അബ്ദുള്‍ റഹ്മാന്റെ വീട്ടില്‍ എത്തുന്നതിന് മുമ്പ് പാലക്കാട് ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. പത്രത്തില്‍ പരസ്യം കണ്ടാണ് അബ്ദുള്‍ റഹ്മാന്റെ അമ്മൂമ്മയുടെ സഹായത്തിന് യുവതി എത്തുന്നത്. പിന്നീട് അബ്ദുള്‍ റഹ്മാന്റെ കാക്കനാടുള്ള ഫഌറ്റില്‍ ഇയാളുടെ അനുജത്തിയെ നോക്കാനായി ജാസ്മിന് എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് ഇവര്‍ പ്രണയത്തിലാകുകയും യുവതി ഗര്ഭിണിയാകുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ജാസ്മിന്റെ അടുപ്പക്കാരന് അരുണ്‍ ഗോപാലും ഇവരുടെ കൂടെ തന്നെയായിരുന്നു താമസം. അബ്ദുള്‍ റഹ്മാന് യുവതിയോട് അടുത്തിടപഴകുന്നത് ജാസ്മിന്റെ മൗനാനുവാദത്തോടെ ആയിരുന്നു. അവരും കാമുകനും തമ്മിലുള്ള ബന്ധത്തിന് തടസം ആകാതിരിക്കാനാണ് അബ്ദുള്‍ റഹ്മാന് ഇതിന് അനുവാദം കൊടുത്തത്. പിന്നീട് പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെ അബ്ദുള്‍ റഹ്മാനും ജാസ്മിനും ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, യുവതി വഴങ്ങാതായതോടെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. സംഭവത്തിലെ ഒന്നാം പ്രതിയായ അബ്ദുള്‍ റഹ്മാനെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.