പാലക്കാട്: വളയിട്ട കൈകളില്‍ വളയംപിടിക്കാനുള്ള പദ്ധതിക്ക് പ്രഖ്യാപനം നടത്തി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ കൈയിലുള്ളത് വള മാത്രം. കഴിഞ്ഞവര്‍ഷം വനിതാദിനത്തില്‍ പ്രഖ്യാപിച്ച കുടുംബശ്രീ ട്രാവല്‍സ്, ഷീടാക്സി പദ്ധതികളാണ് ഇപ്പോഴും പ്രഖ്യാപനത്തിലൊതുങ്ങി കിടക്കുന്നത്. ഇതിനിടെ സ്ത്രീശാക്തീകരണംലക്ഷ്യമിട്ടുള്ള ഒരു വനിതാദിനംകൂടി കടന്നുപോയി.വനിതാ മുന്നേറ്റത്തിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടു—കൊണ്ടാണ് കുടുംബശ്രീ ട്രാവല്‍സ്, ഷീടാക്സി എന്നിവ നിരത്തിലിറക്കാന്‍ തീരുമാനിച്ചത്. പദ്ധതിയുടെ പ്രഖ്യാപനത്തിനു ശേഷം ഇതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് അന്ന് കുടുംബശ്രീ മിഷന് ജില്ലാ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
പദ്ധതി പ്രാവര്‍ത്തികമാകുമ്പോള്‍ ബസ്, മറ്റ് ടാക്സി വാഹനങ്ങള്‍ ഇതിനായി ഉപയോഗിക്കും. കുടുംബശ്രീ ട്രാവല്‍സിലേക്കുള്ള ഡ്രൈവര്‍ അടക്കമുള്ള തസ്തികയിലേക്കാവശ്യമുള്ള വനിതകളെ അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് കണ്ടെത്തുക. തുടര്‍ന്ന് വാഹനങ്ങളില്‍ പരിശീലനം നല്‍കുകയും വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള സംവിധാനങ്ങളുമൊരുക്കും. ഇത്തരത്തില്‍ വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫണ്ട് ലഭ്യമാകുന്നതോടെ പദ്ധതി തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
ഒരു വര്‍ഷം പിന്നിട്ടിട്ടും യാതൊന്നും നടപ്പായിട്ടില്ല. അതേസമയം മറ്റു ജില്ലകളില്‍ ഇത്തരം പദ്ധതികള്‍ വേഗത്തിലാണ്. പൊതുനിരത്തുകളില്‍ സുരക്ഷിതത്വം ലക്ഷ്യമിട്ട് തുടങ്ങാനിരുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായവും ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ നഗരസഭാ ബജറ്റില്‍ വിവിധ പദ്ധതികള്‍ക്കായി 34.92 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും കുടുംബശ്രീയുടെ ഷീടാക്സി പദ്ധതിയ്ക്കായി ചില്ലിക്കാശുപോലും നീക്കിവെച്ചിട്ടില്ലെന്നത് ഏറെ പരിതാപകരമാണ്.
ദാരിദ്ര്യമില്ലായ്മ ചെയ്യുന്നതിനപ്പുറം ഭക്ഷ്യ-സാമ്പത്തിക സുരക്ഷ നല്കുന്ന സംരംഭങ്ങള്‍ കുടുംബശ്രീയുടെ കീഴില്‍ വേറെയുമുണ്ട്. ഇത്തരം പദ്ധതികളുടെ നിയന്ത്രണം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴിയാണെന്നതിനാല്‍ പദ്ധതിക്ക് മറ്റു സ്വകാര്യ പങ്കാളിത്തങ്ങളും ആവശ്യമില്ല. ജില്ലയില്‍ ആകമാനം 18385 അയല്‍ക്കൂട്ടങ്ങളിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.36 കോടി രൂപ സമാഹരിച്ചിരുന്നു. പത്തു മുതല്‍ 20 വരെ അംഗങ്ങളടങ്ങിയതാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അയല്ക്കൂട്ടസംഘം. കുടില്‍വ്യവസായങ്ങള്‍ക്കും മറ്റു പദ്ധതികള്‍ക്കും പുറമെ സ്വയം തൊഴില്‍ പദ്ധതികള്‍ക്കും വിവിധ സംരംഭങ്ങള്‍ക്കുമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് ജില്ലയിലെ ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം 220കോടി വായ്പ നല്‍കിയിരുന്നു.
എന്നാല്‍ അയല്‍ക്കൂട്ടങ്ങള്‍ സമാഹരിച്ച തുകയുടെ അടിസ്ഥാനത്തിലായിരുന്നു ബാങ്കുകള്‍ വായ്പ നല്‍കിയിരുന്നത്. ടെയ്ലറിംഗ്, ഭക്ഷണശാലകള്‍ തുടങ്ങി സൂക്ഷ്മസംരംഭങ്ങളുമുണ്ട്. 104 സംഘകൃഷി യൂണിറ്റുകളിലൂടെ വിവിധഭാഗങ്ങളായി തിരിച്ച ഭൂമിയില്‍ വാഴ, നെല്ല് തുടങ്ങി മറ്റു കാര്‍ഷിക വിളകളും കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിളയിക്കുന്നുണ്ട്. സാന്ത്വനം യൂണിറ്റുകളുമുണ്ട്. ജില്ലയില്‍ വനിതകളിലൂടെ സമൂഹത്തില്‍ സാമ്പത്തികസുരക്ഷയൊരുക്കാനും 91 പഞ്ചായത്തുകളിലും നാലു നഗരസഭകളിലും അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എ.സ് എന്നീ പേരിലുള്ള കുടുംബശ്രീ യൂണിറ്റുകളും സജീവമാണ്. കഴിഞ്ഞദിവസം, ഷീ ടാക്സി പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും ഇതിനുള്ള പരിശീലനം നല്‍കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞിരുന്നു. ഇതും മുമ്പത്തെപോലെ പ്രഖ്യാപനംമാത്രമാകുമോ എന്നാണ് സ്ത്രീകളുടെ ചോദ്യം.