പാലക്കാട്: ഉദ്യാനറാണിയില്‍ ഇനി അലങ്കാര മത്സ്യങ്ങളുടെ വിസ്മയകാഴ്ചകളും. ഇതോടെ മലമ്പുഴയുടെ സൗന്ദര്യം നുകരാനെത്തു ന്നവര്‍ക്ക് വര്‍ണമത്സ്യങ്ങളുടെ നീരാട്ടുംകണ്ട് മടങ്ങാം.ഉദ്യാനത്തിന് മുന്നിലുള്ള പഴയ ഫിഷ് അക്വേറിയത്തിന് സമീപത്താണ് രാജ്യാന്തര നിലവാരത്തിലുള്ള ശീതീകരിച്ച മറൈന്‍ അക്വേറിയം ഒരുങ്ങുന്നത്. ഏകദേശം 3.5 കോടി രൂപ ചിലവില്‍ രണ്ടു നിലകളിലായി 10000ത്തോളം ചതുരശ്ര അടിയുള്ള കെട്ടിടത്തിലാണ് അക്വേറിയം നിര്‍മ്മിക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഉദ്യാനത്തിനു മുന്നിലെ തിമിംഗലത്തിന്റെ മാതൃകയിലുള്ള അക്വേറിയത്തിനു സമീപത്താണാണിത്. പൂര്‍ണ്ണമായും ശീതീകരിച്ച് നൂതന രീതിയിലുള്ള ഫിഷ് ടാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള വിവിധതരം മത്സ്യങ്ങള്‍ ഇനി സന്ദര്‍ശകര്‍ക്ക് ഏറെ ആസ്വാദ്യകരമാകും.
രണ്ടുനിലകളിലായി നിര്‍മ്മിക്കുന്ന അക്വേറിയത്തിന്റെ അവസാനഘട്ട മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം അവസാനത്തോടെ തുറന്നുകൊടുക്കുമെന്നു പറഞ്ഞ അക്വേറിയത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഈ മാസം നടത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. അക്വേറിയത്തിന്റെ താഴത്തെ നിലയില്‍ ശുദ്ധജല അലങ്കാരമത്സ്യങ്ങളും മുകളിലത്തെ നിലയില്‍ പൂര്‍ണ്ണമായും കടല്‍മത്സ്യങ്ങളുമാണ് ഒരുങ്ങുന്നത്്. പസഫിക് കടലുകളില്‍ മാത്രം കണ്ടുവരുന്ന അരാപൈമ ജൈജാന്‍ എന്നയിനത്തില്‍പ്പെട്ട കടല്‍ മത്സ്യവും കടലില്‍ മാത്രം വളരുന്ന ചെറിയതരം മരങ്ങളും സസ്യങ്ങളുമെല്ലാം മത്സ്യങ്ങള്‍ക്കു പുറമെ അക്വേറിയത്തില്‍ ഒരുക്കുന്നുണ്ട്.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഫിഷ് അക്വേറിയമാകും ഇതോടെ മലമ്പുഴയില്‍ യാഥാര്‍ത്ഥ്യമാകുന്നതെന്ന് അധികൃതര്‍ പറയുന്നു. അക്വേറിയം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വിവിധയിനം മത്സ്യങ്ങളെക്കുറിച്ചുള്ള പഠന വിവരങ്ങള്‍ നല്‍കുന്നതിനുള്ള ആധുനിക തിയറ്റര്‍ സംവിധാനവും അക്വേറിയത്തിലൊരുക്കുന്നുണ്ട്. ഇത് മലമ്പുഴ സന്ദര്‍ശിക്കുന്ന ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്രദമാവും. കൂടാതെ അക്വേറിയത്തില്‍ മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളുടെ വിവിധ മാതൃകകളും ഒരുക്കിയിട്ടുണ്ട്. ഫിഷറീസ് ഡപ്യുട്ടി ഡയറക്ടര്‍ ഒ. രേണുകാദേവി, ക്യൂറേറ്റര്‍ ഇന്‍ചാര്‍ജ് കെ.എ. രവി, മുന്‍ ക്യൂറേറ്റര്‍ എസ്. സൈലാവുദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ രാജ്യാന്തര രീതിയിലുള്ള മറൈന്‍ അക്വേറിയം ഒരുക്കുന്നത്. അക്വേറിയത്തിന്റെ കണ്‍സല്‍ട്ടന്റ് ചാലക്കുടി സ്വദേശിയായ സന്തോഷ് ബേബിയാണ്.
നിലവിലെ പഴയ അക്വേറിയത്തിലേക്കുള്ള പ്രവേശന ഫീസ് മുതിര്‍ന്നവര്‍ക്ക് പത്തുരൂപയും കുട്ടികള്‍ക്ക് അഞ്ചുരൂപയുമാണ്. എന്നാല്‍ പുതിയ മറൈന്‍ അക്വേറിയത്തിന്റെ പ്രവേശന ഫീസില്‍ചെറിയ വര്‍ധനവ് വരുത്തും. പഴയ അക്വേറിയത്തിന് സമീപത്തായി പ്രത്യേകം ഗേറ്റും ടൈല്‍സു വിരിച്ച നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. മധ്യവേനലവധി അടുത്തതോടെ സന്ദര്‍ശകരുടെ തിരക്കു വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മറൈന്‍ അക്വേറിയം ഏറെ ശ്രദ്ധായാകര്‍ഷിക്കുമെന്ന് ഉറപ്പാണ്. മറൈന്‍ അക്വേറിയം പ്രവര്‍ത്തനസജ്ജമായാലും പഴയ അക്വേറിയത്തിയത്തിലെ കാഴ്ചകളും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാകും. അരനുറ്റാണ്ടോളം പഴക്കമുള്ള അക്വേറിയം അടയ്ക്കുന്നത് സന്ദര്‍ശകര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കുമെന്നതിനാലാണ് ഇതിന്റെ പ്രവര്‍ത്തനം തുടരുന്നത്.
സംസ്ഥാനത്തെ ആദ്യത്തെ ശിലോദ്യാനം നിലകൊള്ളുന്ന ഉദ്യാന റാണിയില്‍ വലിയ മത്സ്യ അക്വേറിയവും ഒരുങ്ങുന്നത് മലമ്പുഴയുടെ പ്രൗഢി കൂട്ടും. ഒരുമാസമായി പുഷ്പമേളയുടെ തിരക്കിലാണ് മലമ്പുഴ. ഇതിനിടെ കഴിഞ്ഞയാഴ്ച ജലസേചന വകുപ്പിന്റെ കീഴിലുള്ള ആദ്യത്തെ ബസ്സ്റ്റാന്‍് പ്രതിപക്ഷ നേതാവായ വി.എസ് അച്യുതാനന്ദന്‍ നാടിനു സമര്‍പ്പിച്ചിരുന്നു.ആറുപതിറ്റാണ്ടിനുശേഷം സാഡില്‍ ഡാമും പതിറ്റാണ്ടിനുശേഷം തുറന്ന ഗവര്‍ണര്‍ സ്ട്രീറ്റും മാത്രമല്ല, മലമ്പുഴയുടെ മാറ്റു കുട്ടാന്‍ സംസ്ഥാനത്തെ തന്നെ ആദ്യത്തെ അനിമല്‍ സയന്‍സ് മ്യുസിയം കൂടി മലമ്പുഴയില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്.
കേരളത്തിന്റെ ആഭ്യന്തരവിനോദ സഞ്ചാരകേന്ദ്രവും സംസ്ഥാനത്തെ ആദ്യത്തെ വെഫൈ ടൂറിസം കേന്ദ്രവുമായി മാറിയ മലമ്പുഴയില്‍ അന്താരാഷ്ട്ര നിലവാരമുള്ള മറൈന്‍ അക്വേറിയം വരുംനാളുകളില്‍ സന്ദര്‍ശകരിലും വരുമാനത്തിലും ഗണ്യമായ വര്‍ദ്ധനയുണ്ടാക്കുമെന്ന് ് അധികൃതര്‍ കണക്കുകൂട്ടുന്നു.