രണ്ടു ജാതിയില്‍ പെട്ടവര്‍ പ്രേമിച്ചു വിവാഹം കഴിച്ചു ! വധുവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി; സിനിമാ സ്‌റ്റൈലിലുള്ള സംഭവങ്ങള്‍ ഇങ്ങനെ…

പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളില്‍ വധുവിനെ ഗുണ്ടസംഘം തട്ടിക്കൊണ്ടു പോയി. സേലത്താണ് സംഭവം. ഒരു പകലും രാത്രിയും തിരഞ്ഞിട്ടും പോലീസിന് പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഈ റോഡ് സ്വദേശികളായ ശെല്‍വനും ഇളര്‍മതിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇരുവരും പിന്നീട് പ്രണയത്തിലാവുകയും ചെയ്തു. എന്നാല്‍ ശെല്‍വന്‍ താഴ്ന്ന ജാതിയില്‍ പെട്ട ആളായതിനാല്‍ ഇളര്‍മതിയുടെ കുടുംബം ഇതിനെ എതിര്‍ത്തു.

എന്നാല്‍ ദ്രാവിഡ വിടുതലൈ ഇയ്യക്കം പ്രവര്‍ത്തകര്‍ കമിതാക്കള്‍ക്ക് പിന്തുണയുമായി എത്തിയതോടെ ഇവര്‍ വിവാഹിതരാവുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി പ്രാദേശിക നേതാവ് ഈശ്വരന്റെ കാര്‍മികത്വത്തില്‍ കൊളത്തൂര്‍ കാവളാണ്ടിയൂരിലെ പെരിയാര്‍ ലൈബ്രറിയില്‍ വച്ചു വിവാഹം നടത്തി. ഇരുവരും വൈകിട്ട് അഞ്ച് മണി വരെ ഈശ്വരന്റെ വീട്ടില്‍ താമസിച്ചു. തുടര്‍ന്ന് സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോയി.

ഇതിനിടെ സംഘം ഈശ്വറിന്റെ വീട് ആക്രമിച്ചു. ഇതിനിടെ വടിവാളുമായി എത്തിയ 40ല്‍ അധികം വരുന്ന ഗുണ്ടാസംഘം ഈശ്വരനെ ക്രൂരമായി മര്‍ദിച്ചു. നവദമ്പതികള്‍ എവിടെയെന്നു പറയാന്‍ കൂട്ടാക്കാതിരുന്നതോടെ സംഘം ഈശ്വരനെ കാറില്‍ കയറ്റി തിരച്ചില്‍ തുടങ്ങി.

ഒടുവില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇരുവരെയും സംഘം കണ്ടെത്തുകയും ആക്രമിക്കുകയും ചെയ്തു. പിന്നീട് ശെല്‍വനെയും ഇളര്‍മതിയെയും രണ്ടു കാറുകളിലാക്കി കൊണ്ടുപോയി.

ആക്രമികളില്‍ നിന്ന് രക്ഷപ്പെട്ട ഈശ്വരന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. രാത്രി വൈകി ശെല്‍വനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പക്ഷെ ഇളര്‍മതിയെ കുറിച്ചു ഇതുവരെ വിവരം ഒന്നും ഇല്ല. പെണ്‍കുട്ടിയുടെ അച്ഛന്‍ ജഗന്നാഥന്‍ അടക്കമുള്ളവരെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു.

Related posts

Leave a Comment