കാല്‍ക്കത്ത: വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധതയാണ് വിരാട് കോഹ്ലിയെ മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനാക്കുന്നതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് എം.എസ്. ധോണി. ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ആറു വിക്കറ്റ് ജയത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ധോണിയുടെ പുകഴ്ത്തല്‍.
ഓരോ കളിയിലും ടീമിനു തന്നില്‍നിന്നു പരമാവധി നല്‍കുകയെന്നതാണ് കോഹ്ലിയുടെ ആഗ്രഹം. അതിനായി നല്ല തയാറെടുപ്പുകള്‍ നടത്തുന്നു. ഫിറ്റ്നസിലും അതീവ ശ്രദ്ധ പുലര്‍ത്തുന്നു. വ്യത്യസ്ത പിച്ചുകളില്‍ എങ്ങനെ കളിക്കണമെന്ന് അദേഹത്തിനു നന്നായറിയാം. ചെറിയ തുടക്കങ്ങള്‍ വലിയ സ്കോറുകളാക്കി മാറ്റാന്‍ സാധിക്കുന്നു. ഒരു യുവതാരത്തിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണത്-ധോണി കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനെതിരേ ഇന്ത്യ മൂന്നിന് 23 റണ്‍സെന്ന നിലയില്‍ പതറുമ്പോള്‍ യുവ്രാജിനൊപ്പം കോഹ്ലി നടത്തിയ കടന്നാക്രമണമാണ് ഇന്ത്യയെ ലോകകപ്പിലെ ആദ്യ ജയത്തിലേക്കു നയിച്ചത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കര്‍ അടക്കം നിരവധിപ്പേര്‍ കോഹ്ലിയെ പ്രശംസ കൊണ്ടു മൂടി.