കലാഭവന്‍ മണിയുടെ മരണം: അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു; മരണകാരണം ഗുരുതരമായ രോഗങ്ങളും വിഷവും; പോലീസ് റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടിയെന്ന് മണിയുടെ സഹോദരന്‍

Maniതൃശൂര്‍: സ്വാഭാവികവും അസ്വഭാവികവുമായ മരണത്തിന്റെ സാധ്യതകള്‍ ഒരുപോലെ ചൂണ്ടിക്കാട്ടി കലാഭവന്‍ മണിയുടെ അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഗുരുതരമായ കരള്‍-വൃക്കരോഗത്തോടൊപ്പം  വിഷാംശം അകത്തു ചെന്നതും മണിയുടെ മരണകാരണമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് കൈമാറി. കാക്കാനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശങ്ങളുള്ളതായി കണ്ടെത്തിയിരുന്നതിനെ സാധൂകരിക്കുന്നതാണ് അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

മണിയുടെ ശരീരത്തില്‍ കീടനാശിനിയും മെഥനോളും ഉണ്ടെന്നും അസുഖങ്ങള്‍ക്കൊപ്പം മരണത്തിന് ഇതും കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതീവ ഗുരുതരമായ കരള്‍ രോഗം – ലിവര്‍ സിറോസിസ് – മണിയ്ക്കുണ്ടായിരുന്നു. വൃക്കകളും തകരാറിലായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു. ശരീരത്തില്‍ എത്രമാത്രം അളവില്‍ കീടനാശിനിയും വിഷവും ഉണ്ടായിരുന്നുവെന്ന വ്യക്തമല്ല. ഇതെക്കുറിച്ചും പരിശോധന നടക്കുന്നുണ്ട്.

അതേസമയം മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം ഇല്ലെന്ന നിലപാടില്‍ കൊച്ചിയിലെ അമൃത ആശുപത്രി അധികൃതര്‍ ഉറച്ചു നില്‍ക്കുകയാണ്. മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയിരുന്നുവെങ്കിലും കീടനാശിനിയുടെ അംശം ഇല്ലായിരുന്നുവെന്നാണ് മണിയെ അവസാനമായി ചികിത്സിച്ച അമൃത ആശുപത്രി അധികൃതരുടെ നിലപാട്.

ഡോക്ടര്‍മാര്‍, ലാബ് ജീവനക്കാര്‍ എന്നിവരില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. വളരെ കുറഞ്ഞ അളവിലുണ്ടായിരുന്ന മീഥൈല്‍ ആല്‍ക്കഹോള്‍ അമൃതയിലെ ലാബില്‍ കണ്ടെത്തുകയും കീടനാശിനി കണ്ടെത്താതിരുന്നതും നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. വളരെ ഹൈടെക് ലാബാണ് തങ്ങളുടേതെന്നും അതിനാലാണ് ശരീരത്തിലെ നേരിയ വിഷാംശം പോലും കണ്ടെത്താന്‍ സാധിച്ചതെന്നും നേരത്തെ അമൃത ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടിരുന്നു.

പോലീസ് റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടിയെന്ന് മണിയുടെ  സഹോദരന്‍

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് അന്വേഷണസംഘത്തിന്റെ അന്തിമറിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടിയെന്ന് മണിയുടെ  സഹോദരന്‍ ആര്‍.എല്‍.വി.രാമകൃഷ്ണന്‍.      മദ്യപിക്കാന്‍ പാടില്ലാത്ത ചേട്ടനെ മദ്യപിക്കാന്‍ പ്രേരിപ്പിച്ച് മദ്യം നല്‍കി മരണത്തിലേക്ക് എത്തിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പോലീസ് റിപ്പോര്‍ട്ട് തങ്ങള്‍ക്ക് നെഗറ്റീവാകുന്ന തരത്തിലാണെങ്കില്‍ മറ്റ് അന്വേഷണമടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

ഇതുവരെയും അന്വേഷണത്തിന്റെ പുരോഗതിയോ വിശദാംശങ്ങളോ പോലീസ് തങ്ങളോട് വെളിപ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ പാകപ്പിഴകളില്ലെന്നാണ് കരുതുന്നതെന്നും അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ പോലീസ് അന്വേഷണത്തെ സംശയിക്കുന്നില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

Related posts