ആലുവ: അന്തരിച്ച സിനിമാതാരം കലാഭവന്‍ മണിയുടെ ജീവിതവും മരണവുമായി സാമ്യമുള്ള വരികളോട് കൂടിയ നാടന്‍പാട്ട് സോഷ്യല്‍ മീഡീയകളില്‍ വൈറലാകുന്നു. ” നേരെ പടിഞ്ഞാറ് സൂര്യന്‍ ” എന്നു തുടങ്ങുന്ന ഗാനം മണി തന്നെയാണ് പാടിയിരിക്കുന്നത്.
” നേരെ പടിഞ്ഞാറ് സൂര്യന്‍, താനെ മറയുന്ന സൂര്യന്‍. ഇന്നലെ ഈ തറവാട്ടില്‍ തത്തിക്കളിച്ചൊരു പൊന്‍സൂര്യന്‍, തെല്ലു തെക്കുപുറത്തെ മുറ്റത്ത് ആറടി മണ്ണിലുറങ്ങിയല്ലോ..” മണി അവസാനമായി പാടിയ നാടന്‍ പാട്ടിലെ ആദ്യ വരികള്‍ തുടങ്ങുന്നത് ഇങ്ങനെയാണ്. ജീവതത്തിലെ കഷ്ടപ്പാടുകള്‍ വരച്ചു കാട്ടുന്ന ഈ ഗാനം മണിയുടെ മരണത്തോടെയാണ് കൂടുതല്‍ ശ്രദ്ധനേടിയത്. മണിയുടെ പെട്ടെന്നുള്ള മരണവും അതിലെ ദുരൂഹതകളും ഈ ഗാനത്തിലൂടെ അറിയാതെ കടന്നുവരുന്നുണ്ട്. ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ്പ്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ പതിനായരങ്ങളാണ് ഈ ഗാനത്തിന്റെ ആസ്വാദകര്‍.
” ആ ഓര്‍മ്മകള്‍ പോയി മറഞ്ഞു, എന്റെ കുട്ടന്റെ പാട്ടുകള്‍ നിന്നു, ആ രാത്രി പേരറിയാത്തവര്‍ ചെറ്റ തകര്‍ത്ത് അകത്തു വന്നേ കണ്ണടച്ചുറങ്ങുമെന്‍ കുട്ടനെ കൊന്നുകൊലവിളിച്ചതന്റെ ദൈവേ…” എന്ന നാടന്‍ പാട്ടിലെ അവസാന വരികള്‍ മണിയുടെ മരണത്തിന്റെ ദൂരുഹതയാണുണര്‍ത്തുന്നത്. ” വാള്, കത്തി കമ്പിയും പാരയും കൊണ്ട് നടക്കുന്നതെന്തിനാണാവോ ? ” എന്ന ചോദ്യത്തോടെയാണ് ഗാനം അവസാനിക്കുന്നത്.
” തെല്ലുതെക്കുപുറത്തെ മുറ്റത്ത് ആറടി മണ്ണിലുറങ്ങിയല്ലോ…” എന്ന വരികള്‍ ഗാനത്തില്‍ മണി സങ്കട ഭാവത്തോടെയാണ് ആവര്‍ത്തിക്കുന്നത്. ഈ നാടന്‍ പാട്ട് കേള്‍ക്കുന്ന ആരെയും ഒരുവേള മണിയുടെ ജീവിത ഓര്‍മകളിലേക്കും ഒപ്പം അകാലവേര്‍പ്പാടിലേക്കും കൊണ്ടുപോകും. അറംപറ്റിയ വരികളുമായി പുറത്തിറങ്ങിയ മണിയുടെ അവസാന നാടന്‍ പാട്ട് ഇതുവരെ പാടിയതില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. ആറര മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഗാനം നാടന്‍പാട്ടിന്റെ ഈണത്തിലുള്ളതാണെങ്കിലും കേള്‍വിക്കാരില്‍ മണിയുടെ മരിക്കാത്ത ഓര്‍മ്മകളെ ഓര്‍ത്ത് കണ്ണ് നിറക്കുന്നതാണ്.