കുടിവെള്ളപ്രശ്‌നം; തകഴി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എടത്വ ജലഅഥോറിറ്റി ഓഫീസ് ഉപരോധിച്ചു

panjayathഎടത്വ: തകഴി ഗ്രാമപഞ്ചായത്തിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചു പഞ്ചായത്ത് അംഗങ്ങള്‍ എടത്വ ജലഅഥോറിറ്റി ഓഫീസ് ഉപരോധിച്ചു. പ്രസിഡന്റ് അംബിക ഷിബുവിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പത്തിനായിരുന്നു ഉപരോധം. കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും മുന്‍കാലങ്ങളിലേതുപോലെ വെള്ളം ലഭിക്കുന്നില്ല. രണ്ടുമാസം മുമ്പ് പടഹാരം പമ്പ്ഹൗസില്‍ സ്ഥാപിച്ച മോട്ടോര്‍ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാറ്റി സ്ഥാപിക്കാനോ പൊട്ടിയ പൈപ്പുകള്‍ നന്നാക്കാനോ അധികൃതര്‍ തയാറായിട്ടില്ല.

ഓരുവെള്ളത്തിന്റെ പ്രസരണവും ജലാശയങ്ങളുടെ മാലിന്യവും പ്രദേശത്തെ കടുത്ത ജലക്ഷാമത്തിലെത്തിച്ചിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ് പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നത്. ആലപ്പുഴ കുടിവെള്ള പദ്ധതിയോടെ തകര്‍ന്ന പൈപ്പുലൈന്റെ പണി തീര്‍ക്കാനോ, പൊതുടാപ്പില്‍ കുടിവെള്ളം എത്തിക്കാനോ നടപടി സ്വീകരിച്ചിട്ടില്ല. പഞ്ചായത്ത് വെള്ളകരം അടക്കുന്ന 150-ഓളം പൊതുടാപ്പുകള്‍ നോക്കുകുത്തികളായെന്നും അംഗങ്ങള്‍ പറയുന്നു. ബോര്‍വെല്ലുകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന വെള്ളം ചെളി കലങ്ങിയതും മാലിന്യങ്ങള്‍ നിറഞ്ഞതുമാണ്.

ഉപരോധത്തിനു വൈസ്പ്രസിഡന്റ് ജോമാ ബിജു, പഞ്ചായത്ത് അംഗങ്ങളായ നിസാര്‍ യു, റോസ്മിനി മാത്യു, കെ. വിമലമ്മ, മേരി സിന്‍ഡ്രല്ല, കെ. ഗോപാലകൃഷ്ണന്‍, ജസ്സി ജയിംസ്, ജോയിസ് മാനുവേല്‍, പി. രജ്ഞിത്ത്, വിജയകുമാരി സി., എം. ഗണേഷ്കുമാര്‍, ഡി. സുഭാഷ്, എം.കെ. രാജപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts