സാന്റിയാഗോ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കായി ലാറ്റിനമേരിക്ക വീണ്ടും ഉണരുന്നു. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെയും അതിരാവിലെയും നടക്കുന്ന മത്സരങ്ങളില്‍ ബൊളീവിയ കരുത്തരായ കൊളംബിയയെയും ഒന്നാമതുള്ള ഇക്വഡോര്‍ നാലാമതുള്ള പരാഗ്വെയെയും നേരിടും. ഇന്ത്യന്‍ സമയം രാവിലെ അഞ്ചിനു നടക്കുന്ന മത്സരത്തില്‍ കോപ്പ അമേരിക്കന്‍ ടൂര്‍ണമെന്റില്‍ ഫൈനലിലെ തോല്‍വിക്കു പകരം വീട്ടാനായി അര്‍ജന്റീന ചിലിയെ അവരുടെ നാട്ടില്‍ നേരിടുകയാണ്. ഇന്നത്തെ പോരാട്ടത്തിലെ ഏറ്റവും ആകര്‍ഷകവും ഈ മത്സരമായിരിക്കും. മറ്റൊരു മത്സരത്തില്‍ പെറു എതിരിടുന്നത് വെനസ്വേലയെ.
പോയിന്റ് നിലയില്‍ അഞ്ചും ആറും സ്ഥാനത്തുള്ള ചിലി-അര്‍ജന്റീന പോരാട്ടം പൊടിപാറും. ചിലി നാലു കളിയില്‍ രണ്ടു വിജയം നേടിയപ്പോള്‍ മുന്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് ഒരു ജയം മാത്രം. രണെ്ടണ്ണം സമനിലയായപ്പോള്‍ ഒരിടത്തു തോല്‍ക്കുകയും ചെയ്തു. കോപ്പ അമേരിക്ക ഫൈനലില്‍ തോറ്റ സാന്റിയാഗോ സ്റ്റേഡിയത്തിലാണ് നാളത്തെ മത്സരവും. ബാഴ്സലോണയില്‍ മികച്ച ഫോമില്‍ കളിക്കുന്ന ലയണല്‍ മെസിയിലാണ് അര്‍ജന്റീനയുടെ പ്രതീക്ഷകള്‍.
പ്രതീക്ഷയുടെ അധികഭാരം ചുമക്കേണ്ടിവരുമ്പോഴും അര്‍ജന്റൈന്‍ നായകന് മെസിയെ തേടി ഒരു റിക്കാര്‍ഡ് അടുത്തുണ്ട്. മത്സരത്തില്‍ രണ്ടിലധികം ഗോള്‍ നേടാനായാല്‍ കരിയര്‍ ഗോള്‍ അഞ്ഞൂറു കടക്കും. സെര്‍ജിയോ അഗ്വേറോ, ഏയ്ഞ്ചല്‍ ഡി മരിയ എന്നിവരും ടീമിലുണ്ട്. ചിലിയാണെങ്കില്‍ അലക്സിസ് സാഞ്ചസ്, അര്‍തുറോ വിദാല്‍ എന്നിവരുള്‍പ്പെടുന്ന മികച്ച താരനിരയുമായാണ് സ്വന്തം മണ്ണില്‍ പോരാട്ടത്തിനിറങ്ങുന്നത്.