കണ്ണൂർ: സ്വന്തം ചരമപരസ്യവും വാർത്തയും പ്രമുഖ പത്രങ്ങൾക്ക് പ്രസിദ്ധീകരിക്കാൻ കൊടുത്ത തളിപ്പറന്പ് കുറ്റിക്കോൽ സ്വദേശിയെകുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇന്നത്തെ പ്രമുഖ പത്രങ്ങളിൽ ഇദ്ദാഹത്തിന്റെ വാർത്തയും ചരമപരസ്യവും വന്നിരുന്നു. കുറ്റിക്കോലിലെ മേലൂകുന്നേൽ ജോസഫാണ് ഇന്നലെ രാവിലെ പയ്യന്നൂരിലെ പത്രം ഓഫീസുകളിലെത്തി സ്വന്തം ചരമവാർത്തയും പരസ്യവും നൽകിയത്.
വ്യത്യസ്തമായ ഫോട്ടോയാണ് നൽകിയത്. അതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇന്ന് പത്രങ്ങൾ കണ്ടപ്പോഴാണ് വീട്ടുകാരും നാട്ടുകാരും വിവരം അറിഞ്ഞത്. ഉടൻ പത്രം ഓഫീസുകളിൽ വിളിച്ച് ജോസഫ് മരിച്ചിട്ടില്ലെന്ന വിവരം അറിയിക്കുകയായിരുന്നു. തങ്ങളുടെ പിതാവിനെ കാണാനില്ലെന്ന് കാണിച്ച് മക്കൾ പോലീസിൽ പരാതിപ്പെടുകയും ചെയ്തു. വാർത്തയിൽ തിരുവനന്തപുരത്തെ ആർസിസിയിൽ വച്ചാണ് മരിച്ചതെന്നും സംസ്കാരം വെള്ളിയാഴ്ച തിരുവനന്തപുരം ജഗതിയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കുമെന്നുമാണ് ഉണ്ടായിരുന്നത്. എന്നാൽ ജഗതിയിൽ ഇങ്ങനെയൊരു പള്ളിയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
മൂന്ന് പ്രമുഖ പത്രങ്ങളുടെ കണ്ണൂർ എഡിഷനിലാണ് പരസ്യം വന്നത്. പരസ്യത്തിന് തുക അപ്പോൾതന്നെ നൽകുകയും ചെയ്തു. കൂടാതെ വാർത്ത എല്ലാ എഡിഷനുകളും വരുത്തണമെന്നും ഇദ്ദേഹം പറഞ്ഞു. തന്റെ പിതൃസഹോദരന്റെ മകനാണ് മരിച്ചതെന്നും ആർസിസിയിൽ ചികിയിലിരിക്കേ ഒരാഴ്ച താൻ കൂടെയുണ്ടായിരിന്നുവെന്നും അവന്റെ മരണം തനിക്ക് താങ്ങാനാവുന്നില്ല എന്നും പറയുകയും ചെയ്തു.
പയ്യന്നൂരിലെ ബോംബെ ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു ജോസഫ്. എന്നാൽ ഇന്നു രാവിലെ 7.30ഓടെ ഇയാളെ ഇവിടെ നിന്ന് കാണുന്നില്ലെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. മാധ്യമസ്ഥാപനത്തിൽ ഇയാളുടെ ഫോൺ നന്പർ നൽകിയെങ്കിലും തിരികെ ബന്ധപ്പെടുവാൻ സാധിക്കുന്നില്ല.
കഴിഞ്ഞ ചൊവ്വാഴ്ച ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് പിതാവ് ജോസഫ് കോട്ടയത്ത് പോയതെന്ന് മകനും അഭിഭാഷകനുമായ അഡ്വ. ഷാജു ജോസഫ് രാഷ്ട്രദീപികയോട് പറഞ്ഞു. ഇതിനിടയിൽ വീട്ടുകാരുമായി പലതവണ ബന്ധപ്പെട്ടിരുന്നു. ചികിത്സയുടെ ആവശ്യത്തിനായി തിരുവനന്തപുരം ആർസിസിയിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് പത്രങ്ങളിൽ ചരമപരസ്യവും വാർത്തയും കണ്ടത്. തളിപ്പറന്പ് ഡിവൈഎസ്പിക്ക് മകൻ ഷാജു പരാതി നൽകിയിട്ടുണ്ട്.
