ബിഡിജെഎസ്-ബിജെപി സഖ്യം: താഴെത്തട്ടിലെ ആശയഭിന്നതകള്‍ തുടരുന്നു

alp-bjpbjdsആലപ്പുഴ:  സംസ്ഥാന തലത്തില്‍ ബിജെപി – ബിഡിജെഎസ് സഖ്യം രൂപംകൊള്ളുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റുകളെ സംബന്ധിച്ച് ധാരണയായപ്പോഴും താഴെത്തട്ടില്‍ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മിലുള്ള ആശയഭിന്നത തുടരുന്നു. കാലങ്ങളായി  തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന ബിജെപി കൃത്യമായ സംഘടനാ സംവിധാനത്തിലൂടെ നീങ്ങുമ്പോഴും ബിഡിജെഎസിന്റെ സംഘടനാ സംവിധാനം ഇപ്പോഴും ചലിക്കുന്ന തരത്തിലായിട്ടില്ല.

കഴിഞ്ഞദിവസമാണ് പാര്‍ട്ടി ജില്ലാ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചതു തന്നെ. നിയോജക മണ്ഡലം ഭാരവാഹികളുണ്ടെങ്കിലും ഇതു ആരൊക്കെയാണെന്നതു സംബന്ധിച്ച് ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും യാതൊരു ധാരണയുമില്ല. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായാല്‍ ആദ്യം ജില്ലാ തലത്തിലും തുടര്‍ന്നു നിയോജകമണ്ഡലം, പഞ്ചായത്ത്, ബൂത്ത് തലങ്ങളിലും എന്‍ഡിഎ  കണ്‍വന്‍ഷനുകള്‍ സംഘടിപ്പിച്ചാണ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്.

എന്നാല്‍ നിലവില്‍ സംസ്ഥാനത്തെ ബിജെപി മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ബിഡിജെഎസിന്റെ താഴെത്തട്ടിലെ സംഘടനാ സംവിധാനം സംബന്ധിച്ചും നേതാക്കളെ സംബന്ധിച്ചും ബിജെപിക്കു കൃത്യമായ ധാരണയില്ലാത്തതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വൈകുകയാണ്.കൂടാതെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചു യാതൊരു സൂചനയും ബിജെപി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ നല്കാതെയുള്ള ബിഡിജെഎസിന്റെ നീക്കവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ സുഭാഷ് വാസു കുട്ടനാട്ടില്‍ മത്സരിക്കുന്നുവെന്ന വിവരം ജില്ലയിലെ പ്രധാന ബിജെപി നേതാക്കള്‍ പത്രത്തിലൂടെയാണു അറിഞ്ഞത്. പ്രഖ്യാപനം അറിഞ്ഞശേഷം ബിഡിജെഎസ് ജില്ലാ ഭാരവാഹികളുടെ ഫോണ്‍ നമ്പറിനായുള്ള അന്വേഷണത്തിലായിരുന്നു പലരും.    ബിഡിജെഎസിന്റെ പ്രമുഖ നേതാവ് മത്സരിക്കുന്നത് സംബന്ധിച്ചു ബിജെപി നേതാക്കളോടു യാതൊരു ആശയവിനിമയവും നടത്താത്തതു ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയ്ക്കിടയാക്കിയിട്ടുണ്ട്.    ജില്ലയില്‍ ബിഡിജെഎസ് മത്സരിക്കുന്ന മറ്റു മണ്ഡലങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. ബിഡിജെഎസ്-ബിജെപി സഖ്യം: താഴെത്തട്ടിലെ ആശയഭിന്നതകള്‍ തുടരുന്നു.

Related posts