മലമ്പുഴയിലെ ഇരട്ടക്കൊലപാതകം : അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷ നാളെ

ALP-COURTപാലക്കാട്: മലമ്പുഴ കടുക്കാംകുന്നില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്നു പാലക്കാട് സെക്കന്‍ഡ് അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും.രണ്ടുപേരെ വെറുതെ വിട്ടു. മലമ്പുഴ കടുക്കാംകുന്നിലെ സിഐടിയു തൊഴിലാളികളും സിപിഎം പ്രവര്‍ത്തകരുമായ ഗോപാലകൃഷ്ണന്‍, രവീന്ദ്രന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്.

കടുക്കാംകുന്ന് പാറയില്‍ മണികണ്ഠന്‍, കടുക്കാംകുന്ന് പഞ്ചിക്കര രാജേഷ് എന്ന കുട്ടായി, കടുക്കാംകുന്ന് നമ്പന്‍പുര മുരുകദാസ്, കടുക്കാംകുന്ന് പാറയില്‍ വീട് സുരേഷ് എന്ന ഉടേഷ്, കടുക്കാംകുന്ന് എസ്.കെ നഗര്‍ പുഴയ്ക്കല്‍ ഗിരീഷ് എന്നിവരെയാണ് ജഡ്ജി സുരേഷ്കുമാര്‍ പോള്‍ കുറ്റക്കാരെന്നു കണ്ടെത്തിയത്. സി.എന്‍ പുരം തെക്കിന്‍പുര വല്‍സകുമാര്‍, സുരേഷ് എന്ന കൊമ്പന്‍ സുരേഷ് എന്നിവരെ കോടതി വെറുതേവിട്ടു.

കൊലപാതകം, സംഘംചേരല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഹേമാംബിക നഗര്‍ സിഐയായിരുന്ന വാഹിദ്, എസ്‌ഐ ദീപക് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വിനോദ് കെ. കയനാട്ട് ഹാജരായി. കേസില്‍ രേഖപ്പെടുത്തിയ 64 സാക്ഷികളില്‍ 23 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 52 രേഖകളും അഞ്ച് ആയുധങ്ങളും ഹാജരാക്കിയിരുന്നു.

2007 ഒക്ടോബര്‍ 29നു വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ഗോപാലകൃഷ്ണനും രവീന്ദ്രനും സുഹൃത്തിന്റെ കല്യാണത്തിനു പോയി തിരിച്ചുവരുമ്പോള്‍ കടുക്കാംകുന്ന് നിലംപതി പാലത്തില്‍ പതിയിരുന്ന അക്രമികള്‍ ഇരുവരേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Related posts