കത്ത് അയയ്ക്കാന്‍ പുതിയ രീതിയുമായി തപാല്‍വകുപ്പ്

knr-postofciceഇരിട്ടി: കത്തുകള്‍ വേഗത്തിലും കൃത്യമായും  ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി തപാല്‍വകുപ്പ് യന്ത്രവത്കൃത കത്ത് തരംതിരിക്കല്‍ സംവിധാനം പ്രധാനപെട്ട കേന്ദ്രങ്ങളില്‍ ഏര്‍പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കത്തുകള്‍ ലഭിക്കേണ്ടയാളിന്റെ മേല്‍വിലാസവും കത്തയക്കുന്നയാളിന്റെ വിലാസവും എഴുതുന്നതിനും സ്റ്റാമ്പ് ഒട്ടിക്കുന്നതിനും പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിപ്പിച്ചു. കത്ത് ലഭിക്കേണ്ടവരുടെ മേല്‍വിലാസം വ്യക്തമായി വായിക്കാന്‍ പറ്റുന്ന തരത്തില്‍ പൂര്‍ണമായി നാലോ അഞ്ചോ വരികളിലായി കത്തിന്റെ മുന്‍ഭാഗത്ത് നടുവിലായി എഴുതുക.

ഫ്രം അഡ്രസ് അഥവാ കത്ത് അയക്കുന്നയാളിന്റെ മേല്‍വിലാസം കത്തിന്റെ മുന്‍ഭാഗത്ത് നിന്ന് മാറ്റി പിന്‍വശത്ത് എഴുതണം. ജില്ല, നഗരം, സംസ്ഥാനത്തിന്റെ പേര്, പിന്‍കോഡ്  എന്നിവയും എഴുതണം. കത്തുകള്‍ കവറിലാണെങ്കിലും ഇന്‍ലന്റിലാണെങ്കിലും എല്ലാവശവും പശതേച്ച് ഒട്ടിക്കണം. കവറുകള്‍ ഒട്ടിക്കാന്‍ മൊട്ടുസൂചി, ക്ലിപ്പ്, സ്റ്റാപ്ലര്‍ എന്നിവ ഉപയോഗിക്കരുത്. തപാല്‍ സ്റ്റാമ്പ് ഒട്ടിക്കേണ്ടത് കവറിന്റെ മുന്‍ഭാഗത്ത് വലത്തേയറ്റത്ത് മുകളിലാണ്. പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ സേവനങ്ങള്‍ എത്തിക്കാനാണ് യന്ത്രവത്കരണ കത്ത് തരംതിരിക്കല്‍ സംവിധാനം ഏര്‍പെടുത്തിയതെന്നും ഇതുമായി ജനങ്ങള്‍ സഹകരിക്കണമെന്നും പോസറ്റ്ല്‍ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

Related posts