പൊടിയാടി ജംഗ്ഷനിലെ കൊടുംവളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

alp-accidentതിരുവല്ല:  കായംകുളം-തിരുവല്ല സംസ്ഥാന പാതയില്‍ പൊടിയാടി ജംഗ്ഷന് സമീപത്തെ കൊടുംവളവിലെയും സമീപത്തെ കൈവരി തകര്‍ന്ന കലുങ്കിനോട് ചേര്‍ന്നുളള ഭാഗത്തെയും കുഴികള്‍ വാഹനയാത്രികര്‍ക്ക്  മരണകുഴിയാകുന്നു. ഒന്നരമണിക്കൂറിന്റെ വ്യത്യാസത്തില്‍ വ്യാഴാഴിച്ച  രാത്രി നിയന്ത്രണം നഷ്ടപ്പെട്ട് ഇരുപതടി മാത്രം ദൂരപരിധിയുളള ഇരു കുഴികളിലും വീണ് അപകടത്തില്‍ പെട്ടത് രണ്ട് വാഹനങ്ങള്‍. മാന്നാര്‍ ഭാഗത്ത് നിന്നും വന്ന പാല ഭരണങ്ങാനം സ്വദേശിയുടെ ആള്‍ട്ടോ കാര്‍ രാത്രി 8.30 ഓടെ കൊടുംവളവിലെ കുഴിയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു.

പിന്നാലെ പത്തരയോടെ ഇതേ ദിശയില്‍ നിന്നും വന്ന ലോട്ടറി വില്‍പ്പനക്കാരനായ കൊല്ലം സ്വദേശിയുടെ നാനോകാറും കൈവരി തകര്‍ന്ന കലുങ്കിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു.എട്ടടിയോളം താഴ്ച്ചയുളള കുഴിയിലേക്ക് വീണ വാഹനങ്ങളില്‍ നിന്നും നിസാര പരുക്കുകളേറ്റ യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തുകയായിരുന്നു. മുന്‍ എംഎല്‍എ എലിസബേത്ത് മാമ്മന്‍ മത്തായിയുടേത് ഉള്‍പ്പെടെ കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ പതിനഞ്ചോളം വാഹനങ്ങളാണ് ഈ ഭാഗത്ത് ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടത്.

രാത്രികാലങ്ങളിലാണ് അപകടങ്ങളില്‍ ഏറെയും ഉണ്ടാകുന്നത്. കൊടുംവളവുളള ഈ ഭാഗത്ത് രാത്രി കാലങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് റോഡിന്റെ ദിശ മനസിലാക്കാന്‍ സാധിക്കാതെ പോകുന്നതാണ് വാഹനങ്ങളുടെ നിയന്ത്രം നഷ്ടപ്പെട്ട് അപകടത്തില്‍പെടാന്‍ ഇടയാക്കുന്നത്. കൈവരി തകര്‍ന്നു കിടക്കുന്ന ഭാഗത്തെ റോഡിന്റെ വീതിക്കുറവും കാട് വളര്‍ന്നു നില്‍ക്കുന്നതുമാണ് ഇവിടുത്തെ അപകടത്തിന് കാരണം.

തെരുവുവിളക്കുകള്‍ കത്താത്തതും അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. കൊടും വളവ് ആരംഭിക്കുന്നയിടം മുതല്‍ കൈവരി തകര്‍ന്ന കലുങ്ക് വരെയുളള ഭാഗംവരെ റോഡരികില്‍ റിഫഌക്ടറുകള്‍ പതിച്ച കൈവരി സ്ഥാപിക്കുകയും തെവുവ് വിളക്കുകള്‍ പ്രവര്‍ത്തന ക്ഷമമാക്കുകയും ചെയ്ത് ഈ ഭാഗത്തെ അപകടാവസ്ഥ ഇല്ലാതാക്കാനുളള നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Related posts