ബിഷ്കേക് (കിർഗിസ്ഥാൻ): ഏഷ്യൻ ഗുസ്തി ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ നവജ്യോത് കൗറിന് ചരിത്ര നേട്ടം. ചാന്പ്യൻഷിപ്പിന്റെ സീനിയർ തലത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടം നവജ്യോത് സ്വന്തമാക്കി. 65 കിലോഗ്രാം ഫ്രീസ്റ്റൈലിലാണ് നവജോത് സ്വർണമണിഞ്ഞത്.
ഫൈനലിൽ ജപ്പാന്റെ മിയ ഇമായിയെ 9-1ന് നവജ്യോത് അനായാസം കീഴടക്കിയാണ് ചരിത്ര നേട്ടത്തിന് അർഹയായത്. ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണ്.
അതേസമയം, റിയോ ഒളിന്പിക് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക് 62 കിലോ ഗ്രാം ഫ്രീസ്റ്റൈലിൽ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു.
വെങ്കലത്തിനായുള്ള വാശിയേറിയ പോരാട്ടത്തിൽ സാക്ഷി കസാഖിസ്ഥാന്റെ അയാലിയും കസയ്മോവയെ 10-7ന് പരാജയപ്പെടുത്തി. കഴിഞ്ഞ ദിവസം ഇന്ത്യയുടെ വിനേഷ് ഫോഗട് 50 കിലോഗ്രാം വിഭാഗത്തിൽ വെള്ളി നേടിയിരുന്നു.
