ഇലക്ഷനായി; വാറ്റു കേന്ദ്രങ്ങള്‍ സജീവം

tvm-vattuകാട്ടാക്കട : ഇലക്ഷന്‍ എത്തിയപ്പോള്‍ മദ്യപര്‍ക്ക് ആഘോഷിക്കാന്‍ വാറ്റും തയാറായി വരുന്നു. ചാരായം വാറ്റിന് പേരുകേട്ട മണ്ഡലത്തിലെ ആര്യനാട് കോട്ടയ്ക്കകവും കുറ്റിച്ചല്‍ മലവിളയും ഈഞ്ചപ്പുരിയും വരുന്ന മലയോര മേഖലയില്‍ വാറ്റ് ചാരായം നിര്‍മിക്കാന്‍ സംഘങ്ങള്‍ രംഗത്ത് എത്തി.ഇലക്ഷന്‍ ചൂടില്‍ പോലീസ് അടക്കമുള്ളവര്‍ നില്‍ക്കുന്നുവെന്ന് അറിയാവുന്ന വാറ്റുകാരാണ് ഈ അവസരം വിനിയോഗിക്കാന്‍ എത്തിയിരിക്കുന്നത്. ഇക്കുറി ഏതു പക്ഷത്തിനും തെരഞ്ഞെടുക്കാവുന്ന തരത്തിലാണ് നിര്‍മാണം എന്നതും കൗതുകകരമാണ്. അതിന് രഹസ്യ പേരും നല്‍കിയിട്ടുണ്ട്. സ്റ്റാലിനെന്നും ഓഞ്ചിയമെന്നും മാവോയ്‌സിറ്റെന്നും വരെ ചാരായത്തിന് രഹസ്യബ്രാന്‍ഡ് പേരുകളുണ്ട്.

ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും അവര്‍ക്ക് ഇഷ്ട സാധനം തെരഞ്ഞെടുക്കാം. സിനിമാപേരുകളില്‍ അറിയപ്പെടുന്ന വ്യാജചാരായം മലയോരഗ്രാമങ്ങളിലെ രഹസ്യകേന്ദ്രങ്ങളില്‍ കുടിയന്‍മാരേയും കാത്തിരിക്കുന്നു. ഇലക്ഷന്‍ ദിവസം മദ്യശാലകള്‍ക്ക് അവധി എന്ന് അറിയാവുന്ന ലോബികള്‍ മുന്‍പേ വാറ്റിയെടുത്തതും സ്പിരിറ്റ് ചേര്‍ത്തതുമായ ചാരായമാണ് ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. വനത്തിലും ചില വീടുകളിലും വ്യാപകമായി ചാരായം വാറ്റിയിരുന്നു.

ചാരായം വാറ്റാനായി അസംസ്കൃത സാധനങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുപോയിട്ടും അധിക്യതര്‍ അനങ്ങിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഒരു മാസം മുമ്പ് തന്നെ വനത്തിനകത്ത് പലരും വന്നുപോയിട്ടും ആരും അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. ചില ആദിവാസികള്‍ ഈ വിവരം വനപാലകരെ അറിയിച്ചിരുന്നുവെങ്കിലും വാറ്റ് യഥേഷ്ടം തുടരുകയായിരുന്നു. നഗര മേഖലയിലേക്കാണ് അധികം ലോഡും പോകുന്നത്. സിനിമാപേരുകളില്‍ അറിയപ്പെടുന്ന ചാരായത്തിന് പേരിന് അനുസരിച്ച് വിലയും മാറും. ഒരു കുപ്പിക്ക് 500രൂപ വരെ വില വരുന്നുണ്ട്. വിദേശമദ്യവിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ വിലയായതിനാല്‍ ഇതിന് ഡിമാന്‍ഡ് ഏറെയാണ്.

വീര്യം കൂടുതലാണെന്ന് അവകാശപ്പെട്ടാണ് വില്‍പ്പന. വന്‍മുതല്‍ മുടക്കിയാണ് പലരും വാറ്റിനിറങ്ങിയിട്ടുള്ളത്. പലരും ആദിവാസികളേയും ഇതിന് ഉപയോഗിച്ചിട്ടുണ്ട്. ഇതിനിടെ ചില സ്ഥാനാര്‍ഥികളുടെ അനുയായികളും ചാരായത്തിനായി ഈ ലോബികളുടെ സഹായം തേടിയിട്ടുണെ്ടന്നും വിവരമുണ്ട്. മദ്യദുരന്തത്തിനു തന്നെ കാരണമായോക്കാവുന്ന ചാരായ വില്‍പ്പനയെ കുറിച്ച് അധികൃതര്‍ ഇതേ വരെ അന്വേഷണം ആരംഭിച്ചിട്ടില്ല.വാറ്റ് ചാരായം എന്ന പേര് ഉള്ളതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. കരമനയാര്‍ കടന്നുപോകുന്ന ഭാഗത്താണ് വാറ്റ്. ആറ്റില്‍ തന്നെ കോട ഉള്‍പ്പടെയിട്ടിരിക്കും. വാറ്റിയെടുക്കുന്ന ചാരായത്തില്‍ കടത്തികൊണ്ടു വരുന്ന സ്പിരിറ്റ് കൂടി ചേര്‍ത്ത് നാടന്‍ എന്ന് പറഞ്ഞ് വില്‍ക്കും. അല്‍പ്പം എസെന്‍സ് കൂടി ചേര്‍ത്താല്‍ പഴവര്‍ഗ്ഗങ്ങള്‍ ഇട്ട് വാറ്റി എന്ന ലേബലും കിട്ടും. ഇലക്ഷനും ഫലപ്രഖ്യാപന ദിവസവും വാറ്റ് ചാരായത്തിന് ഡിമാന്‍ഡ് ഏറുമെന്നതിനാല്‍ ലാഭക്കൊതി നോക്കി നിരവധി പേരാണ് ഈ കൊയ്ത്തിന് ഇറങ്ങിയിട്ടുള്ളത്.

Related posts