മുളന്തുരുത്തി മേഖലയില്‍ അനധികൃത മദ്യ വില്പന വ്യാപകമാകുന്നു

EKM-MADHYAMമുളന്തുരുത്തി: മേഖലയില്‍ അനധികൃത മദ്യവില്പന വ്യാപകമാകുന്നതായി പരാതി ഉയര്‍ന്നു. മുളന്തുരുത്തി, പുളിക്കമാലി, ആരക്കുന്നം, പാമ്പ്ര, കണ്ടനാട്, കാഞ്ഞിരമറ്റം, ചോറ്റാനിക്കര മേഖലയിലാണ് വിദേശ മദ്യവില്പന പൊടിപൊടിക്കുന്നത്.ഇക്കഴിഞ്ഞ ദിവസം പാമ്പ്രയില്‍ നിന്നും പിറവം പോലീസ് അനധികൃത വില്പനയ്ക്കായി കൊണ്ടുപോയ 27 ലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ടനാട് സ്വദേശികളായ സൈജു (31), എമില്‍ (22), വിമല്‍ (21), അനന്തു (18) എന്നിവരെ പിടികൂടിയിരുന്നു. പിറവം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരില്‍ അനന്തു ഒഴികെയുള്ളവരെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 9.20-ഓടെ പാമ്പ്ര കവലയ്ക്ക് സമീപത്തുവച്ചാണ് ഇവര്‍ പിടിയിലായത്. പിറവം പ്രിന്‍സിപ്പല്‍ എസ്‌ഐ കെ. ബ്രിജുകുമാറിന്റെ നേതൃത്വത്തില്‍ പട്രോളിംഗിനിടെ സംശയകരമായ സാഹചര്യത്തില്‍ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മദ്യം പിടിച്ചെടുത്തത്. 500 ലിറ്ററിന്റെ 54 കുപ്പികളാണ് കാറിലുണ്ടായിരുന്നത്. മദ്യം പിറവത്തെ ബിവറേജ് ഷോപ്പില്‍ നിന്നുമാണ് വാങ്ങിയതെന്ന് സംഘം പോലീസിനു മൊഴി നല്‍കി. ഒന്നാം തിയതി കണ്ടനാട് മേഖലയില്‍ വില്പനയ്ക്കായി ശേഖരിച്ച മദ്യമാണിതെന്ന് പോലീസ് പറഞ്ഞു.

മുളന്തുരുത്തി, പൂത്തോട്ട എന്നിവിടങ്ങളിലെ ബിവറേജ് ഔട്ട് ലെറ്റുകള്‍ നിര്‍ത്തലാക്കിയതോടെ ഈ ഭാഗത്തുള്ളവര്‍ പിറവത്താണ് മദ്യം വാങ്ങുന്നതിനായി എത്തുന്നത്. ഇത് തരമാക്കി മേഖലകളില്‍ നിരവധിയാളുകളാണ് അനധികൃത മദ്യവില്പന ആരംഭിച്ചിരിക്കുന്നത്. സ്ഥിരമായി മദ്യ വില്പന നടത്തുന്നവരെ എക്‌സൈസ്-പോലീസ് സംഘത്തിന് അറിയാമെങ്കിലും ഇവരെ തെളിവോടെ പിടികൂടുന്നത് ഏറെ പ്രയാസമാണന്നാണ് അധികൃതരുടെ വിശദീകരണം.

ചുരുങ്ങിയത് നാല് പേരെങ്കിലുമായി എത്തി പലപ്പോഴായി മദ്യം വാങ്ങി വാഹനത്തില്‍ മടങ്ങുകയാണ് വില്പനക്കാര്‍. ഈ മദ്യകുപ്പി ആളൊഴിഞ്ഞ പറമ്പുകളിലും മറ്റും സൂക്ഷിച്ച് ഫോണിലൂടെ ആവശ്യപ്പെടുന്ന പതിവുകാര്‍ക്ക് ഓട്ടോറിക്ഷയില്‍ എത്തിച്ച് നല്‍കും. അര ലിറ്ററിന്റെ മദ്യമാണ് സംഘം കൂടുതലും വില്പന നടത്തുന്നത്. 300 രൂപയ്ക്ക് ബിവറേജില്‍ നിന്നും ലഭിക്കുന്ന മദ്യം 400-450 നിരക്കിലാണ് വില്പന

. മദ്യശാല പ്രവര്‍ത്തിക്കാത്ത അവധി ദിവസങ്ങളില്‍ 500 രൂപവരെയായി വില ഉയരും. ഇതിനൊപ്പം വ്യാജമായി നിര്‍മിച്ച മദ്യവും വില്പന നടത്തുന്നുണ്ട്. എക്‌സൈസുകാരും ഇത് സമ്മതിക്കുന്നുണ്ട്. പക്ഷേ ഇവിടേയ്ക്ക് മദ്യമെത്തുന്നതിന്റെ ഉറവിടം എവിടെയാണന്നുള്ളതാണ് വ്യക്തമാകാത്തത്. എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ ചാരായം വാറ്റി വില്പന നടത്തുന്നുണ്ടെന്നുള്ള പരാതിയുമുണ്ട്.

Related posts