മൂവാറ്റുപുഴ: ഇറച്ചിക്കോഴിയുടെ മൊത്ത വിലയിലുണ്ടായ ഇടിവ് ഫാം ഉടമകളെ പ്രതിസന്ധിയിലാക്കുന്നു. വിലയിടിവ് വൻബാധ്യതയാണ് കർഷകർക്ക് വരുത്തിയിരിക്കുന്നത്. പല കോഴിഫാം ഉടമകളും കൃഷി ഉപേക്ഷിക്കുന്നതിനും കാരണമായിട്ടുണ്ട്. സ്വന്തം നിലയിൽ കൃഷി ചെയ്യുന്ന കർഷകർക്കാണ് കൂടുതൽ ദുരിതം.
കുഞ്ഞ് ഒന്നിന് 36-38 രൂപ നിരക്കിലാണ് തമിഴ്നാട്ടിൽ നിന്നുൾപ്പെടെ ഏജന്റുമാർ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഫാമുകളിൽ എത്തിച്ചു നൽകുന്നത്. മരുന്നും തീറ്റയും നൽകി 45 ദിവസത്തോളം പരിപാലിച്ച ശേഷം മൊത്തകച്ചവടക്കാർക്ക് കിലോയ്ക്ക് 48 രൂപ നിരക്കിലാണ് വിൽക്കുന്നത്.
ഫലത്തിൽ രണ്ടര കിലോ തൂക്കമുള്ള ഒരു കോഴിക്ക് മൊത്ത വിലയായി കർഷകന് ലഭിക്കുന്നത് ശരാശരി 125 രൂപ മാത്രമാണ്. ഫാമിൽ ആവശ്യമായ വെള്ളം, വൈദ്യുതി തുടങ്ങിയ ചെലവുകളും കർഷകൻ വഹിക്കേണ്ടതുണ്ട്. 50 നോന്പും സാന്പത്തിക പ്രതിസന്ധിയുമെല്ലാം ചില്ലറ വിൽപ്പന ഗണ്യമായി കുറയാൻ കാരണമായിട്ടുണ്ട്. കടകൾ വഴി കോഴി വിറ്റ് മുടക്കു മുതൽ തിരിച്ചു പിടിക്കാമെന്ന കർഷകന്റെ പ്രതീക്ഷയ്ക്കും തിരിച്ചടിയായിരിക്കുകയാണ്.
കിലോഗ്രാമിന് 60-70 രൂപയാണ് വിവിധയിടങ്ങളിലെ ചില്ലറ വില. വേനൽക്കാലമായതോടെ കോഴികൾക്കുണ്ടാകുന്ന ഭാരക്കുറവും രോഗങ്ങളും കർഷകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. താലൂക്കിലെ ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, കോതമംഗലം താലൂക്കിലെ പോത്താനിക്കാട്, പൈങ്ങോട്ടൂർ, വാരപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇവയിൽ പലതും സഹകരണ ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്താണ് ആരംഭിച്ചിരിക്കുന്നത്. കമ്മീഷൻ വ്യവസ്ഥയിൽ കോഴിഫാം നടത്തുന്ന കർഷകരും പ്രതിസന്ധിയിലാണ്. കിലോയ്ക്ക് പത്തു രൂപയാണ് നിലവിൽ ഏജന്റുമാർ കർഷകർക്ക് നൽകുന്നത്. വൈദ്യുതി ചെലവും മറ്റും വർധിച്ചതും കൃത്യമായ സമയത്ത് കുഞ്ഞുങ്ങളെ ഷെഡിലിറക്കാൻ ഏജന്റുമാർ തയാറാകാത്തതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
വർഷത്തിൽ അഞ്ചു തവണ മാത്രമാണ് ഏജന്റുമാർ കുഞ്ഞുങ്ങളെ എത്തിച്ചു നൽകുന്നത്. ഈസ്റ്ററിനോടനുബബന്ധിച്ച് വില കൂടുമെന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം ഫാം ഉടമകളും. കാർഷിക വിളകളുടെ വിലയിടിവിൽ ദുരിതമനുഭവിക്കുന്ന കിഴക്കൻ മേഖലയിലെ നിരവധി കർഷകർ ആദായകരമായ കൃഷിയെന്ന നിലയിൽ കോഴിഫാം ആരംഭിച്ചിരുന്നു. വിലയിടിവ് ഇവർക്കും ഇരുട്ടടിയായിരിക്കുകയാണ്.