തൃശൂർ: അനധികൃതമായി വിഷുപ്പടക്കങ്ങളുടെ നിർമാണവും വിൽപനയും കർശനമായി തടയാൻ ജില്ലാ റൂറൽ പോലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്രയുടെ നിർദേശം. പടക്ക നിർമാണ കേന്ദ്രങ്ങൾ പരിശോധിക്കാനും അനധികൃത വിൽപന പിടികൂടാനും എസ്എച്ച്ഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പടക്കനിർമാണ കേന്ദ്രങ്ങൾ, വിൽപന കേന്ദ്രങ്ങൾ എന്നിവ ലൈസൻസ് നിബന്ധനകളും സ്ഫോടകവസ്തു ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നു പോലീസ് പരിശോധിച്ച് ഉറപ്പുവരുത്തും. നിയമലംഘനം നടത്തിയാൽ നടപടിയെടുക്കും. അളവിൽ കൂടുതൽ വെടിമരുന്നു സംഭരണവും നിയമവിധേയമല്ലാത്ത പടക്കസാമഗ്രികളുടെ നിർമാണവും തടയും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വൻ സ്ഫോടകവസ്തു ശേഖരം സമീപകാലത്തു പിടിച്ചെടുത്തതിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്സ്പ്ലോസീവ്സ് ഡപ്യൂട്ടി ചീഫ് കണ്ട്രോളർ പരിശോധനയ്ക്കു നിർദേശം നൽകിയിരുന്നു.
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 1090 എന്ന നന്പറിൽ വിളിച്ചു വിവരം നൽകാം.
വിഷു പടക്കവിപണി സജീവം; വർണ്ണങ്ങൾ കൂടും; വില മാറില്ല
തൃശൂർ: വിഷുവിന് ദിവസങ്ങൾമാത്രം ശേഷിക്കേ വിഷുപടക്കവിപണി സജീവമായി. വിലയിൽ കാര്യമായ വ്യത്യാസമില്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത. പലയിടത്തും കഴിഞ്ഞതവണ ഉപയോഗിച്ച വിലവിവരപ്പട്ടിക തന്നെയാണ് ഇത്തവണയും ഉപയോഗിച്ചിരിക്കുന്നത്. പടക്കനിർമാണത്തിൽ നിയന്ത്രണങ്ങൾ വന്നതോടെ വർണത്തിനു പ്രാധാന്യം നൽകിയുള്ള ഇനങ്ങളാണ് വിപണി കൈയടക്കിയിരിക്കുന്നത്.
കൂടുതൽ ആവശ്യക്കാരുള്ളതും ഇവയ്ക്കു തന്നെ. അപകടസാധ്യതയില്ലാത്ത കന്പിത്തിരികൾക്കാണ് വിപണിയിൽ ഏറ്റവും പ്രിയം. നിറങ്ങളുടെയും വലിപ്പത്തിന്റെയും അടിസ്ഥാനത്തിൽ ഇരുപതോളം ഇനം കന്പിത്തിരികളാണ് വിപണിയിലുള്ളത്. ഏഴു മുതൽ 15 സെന്റീമീറ്റർ വരെ നീളമുള്ള ഫൈവ് ഇൻ വണ് കന്പിത്തിരിക്കു വില 17 മുതൽ 65 വരെ.
തേക്കിൻകാട് മൈതാനിയിൽ ആരംഭിച്ച ജില്ലാ ഫയർ വർക്ക്സ് പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പടക്കസ്റ്റാളിൽ ആവശ്യംവേണ്ട ഇനങ്ങൾ ബോക്സ് ആയും വിൽപനയ്ക്കെത്തിച്ചിരിക്കുന്നു. ഫാബുലസ്, മിർച്ചി, സ്പ്ലെൻഡർ, ഫാന്റസി എന്നിങ്ങനെ നാലുതരം ബോക്സുകളാണുള്ളത്. 24 മുതൽ 36 വരെ ഇനങ്ങൾ ഓരോ പായ്ക്കറ്റിലുമുണ്ട്. 530 മുതൽ 850 വരെയാണ് ബോക്സുകളുടെ വില. സ്റ്റാർവാർ, സ്കൈ വാരിയർ, സോണ, മന്ത്ര, ടെർമിനേറ്റർ, ഇലക്ടിക്കൽ ഡയമണ്ട് തുടങ്ങിയ ചൈനീസ് ഫാൻസി ഐറ്റങ്ങളും ഇവിടെ നിന്നു ലഭിക്കും. വില 160 രൂപ മുതൽ 2000 രൂപ വരെ.
ക്രിസ്മസ്ട്രീ, ബാഗ് പൈപ്പർ എന്നിവയാണ് മേശപ്പൂവിലെ ഫാൻസി ഐറ്റങ്ങൾ. റെയിൻബോ ഫൗണ്ടൈൻ, ജയന്റ് കളർപോട്ട്, ഫ്ളവർഷോ തുടങ്ങി പല വലിപ്പത്തും ആകൃതിയിലും നിറത്തിലുമെല്ലാം വിരിയുന്ന മേശപ്പൂക്കൾ ഉണ്ട്. വില പായ്ക്കറ്റിന് 100 മുതൽ 250 രൂപ വരെ. ജയന്റ് മത്താപ്പ് പായ്ക്കറ്റിന് 90 രൂപയും വിവിധതരം ലാത്തിരികൾക്ക് 100 മുതൽ 440 രൂപ വരെയുമാണ് വില.
ശിവകാശിയിൽ നിന്നുള്ള പടക്കങ്ങളാണ് വിപണിയിൽ അധികവും. പടക്കനിർമാണത്തിനു നിയന്ത്രണങ്ങൾ വന്നതോടെ പ്രാദേശികമായി നിർമിച്ചിരുന്ന ഓലപ്പടക്കങ്ങളും നാടൻ ഗുണ്ടുകളുമെല്ലാം വിപണിയിൽനിന്ന് അപ്രത്യക്ഷമായ മട്ടാണ്. പടക്കവിപണിയിൽ ഒരോ ഇനങ്ങൾക്കും വർഷംതോറും അഞ്ചു ശതമാനം മുതൽ 20 ശതമാനം വരെ വില ഉയരുന്നത് സാധാരണമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി പടക്കത്തിന്റെ വിലയിൽ കാര്യമായ മാറ്റം വന്നിട്ടില്ല.
പുറ്റിങ്ങൽ ദുരന്തത്തിനുശേഷം പടക്കങ്ങളുടെ ഡിമാൻഡ് കുറഞ്ഞതോടെ കഴഞ്ഞവർഷങ്ങളിൽ കച്ചവടത്തിൽ ഇടിവുവരികയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ അതിനുമാറ്റമുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ജില്ലാ വെടിക്കെട്ട് നിർമാണ തൊഴിലാളി സഹകരണ സംഘത്തിന്റെ വിപണനശാല ശക്തൻ നഗറിൽ തുറന്നിട്ടുണ്ട്.