ഉദയംപേരൂർ: വീട് കയറി ആക്രമിക്കുകയും ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത മകന്റെ ഭാര്യയുടെ ബന്ധുക്കളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പട്ടിക ജാതിക്കാരിയായ വീട്ടമ്മ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ഉദയംപേരൂർ എസ്എൻഡിപിക്കു സമീപം പരേതനായ വെളിത്തറ കണ്ണന്റെ ഭാര്യ സരസ്വതി (67) ആണ് ഉദയം പേരൂർ എസ്ഐക്കെതിരേ കമ്മീഷണർക്ക് പരാതി നൽകിയത്.
കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മാർച്ച് 26ന് വൈകുന്നേരം 6.30 ഓടെ സരസ്വതിയുടെ മകൻ സുമേഷിന്റെ ഭാര്യ സീമയുടെ അച്ചൻ പെരുമ്പടപ്പ് സ്വദേശി ജോസഫും മകൻ മാലൂസ് ജൂഡും കൂടി വീട്ടിലെത്തി സുമേഷിനെയും സരസ്വതിയെയും ആക്രമിച്ചു. വീടിനുള്ളിൽ വച്ച് ഉണ്ടായ ആക്രമണത്തിൽ സരസ്വതിയുടെ കൈയിൽ കത്തി കൊണ്ട് വെട്ടി മുറിവേൽപ്പിക്കുകയും ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ സുമേഷിന്റെ നെഞ്ചിലും ശരീരത്തിലും ഇടിച്ച് പരിക്കേൽപ്പിച്ചു. ബഹളം കേട്ട് ഓടി എത്തിയ സീമയെയും സുമേഷിന്റെ മക്കളെയും ഇവർ ആക്രമിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ സരസ്വതിയുടെ കൈയിൽ മൂന്നു തുന്നിക്കെട്ടൽ വേണ്ടി വന്നിരുന്നു. ഓടിയെത്തിയ അയൽക്കാരാണ് ഇവരുടെ കൂടുതൽ ആക്രമണത്തിൽ നിന്ന് ഞങ്ങളെ രക്ഷിച്ചത്. ഈ സമയത്ത് സുമേഷ് ഫോണിൽ വിളിച്ചതിനെത്തുടർന്ന് സ്ഥലത്ത് എത്തിയ ഉദയംപേരൂർ എസ്ഐ ഷിബിൻ പ്രതികൾക്ക് രക്ഷപെടാൻ ഉള്ള അവസരം നൽകി.
ബഹളത്തിന് ഇടയിൽ ഞങ്ങളുടെ വീടിനുള്ളിൽ നഷ്ടപ്പെട്ട പ്രതികളുടെ വാഹനത്തിന്റെ താക്കോൽ വാങ്ങി പ്രതികൾക്ക് നൽകി വീട്ടിൽ പോകാൻ അവസരം നൽകി. തൊട്ടടുത്ത ദിവസം പ്രതികളെ സ്റ്റേഷനിൽ വിളിപ്പിച്ചെങ്കിലും കേസ് എടുത്തില്ല. പിന്നീട് കമ്മീഷണർക്ക് പരാതി നൽകിയ ശേഷം 29 ന് ആണ് കേസ് എടുത്തത്.
ഈ ഘട്ടത്തിലും ആക്രമികൾ കൊണ്ടുവന്ന മഴു, കഠാര തുടങ്ങിയ ആയുധങ്ങൾ ഞങ്ങളുടെ വീട്ടിൽ നിന്ന് ഇദ്ദേഹം എടുക്കാൻ തയാറായില്ല. മാത്രമല്ല സ്റ്റേഷനിൽ മൊഴി നൽകാൻ എത്തിയ എന്നെ ഭീഷണിപ്പെടുത്തുകയും നിർബന്ധിച്ച് മൊഴി പകർപ്പിൽ ഒപ്പിടുവിക്കുകയു ചെയ്തു.
പ്രതികളെ രക്ഷപെടുത്തുന്നതിനായി അപ്രധാന വകുപ്പ് ചേർന്നാണ് കേസ് എടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതികളിൽ നിന്നുള്ള വധ ഭീഷണിയിൽ നിന്ന് രക്ഷിക്കണമെന്നും പോലീസിൽ നിന്ന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് കമ്മീഷണർക്ക് വീണ്ടും പരാതി നൽകിയത്.