വടകര: വടകരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സി.കെ.നാണു മത്സരിക്കും. തര്‍ക്കങ്ങള്‍ക്കൊടുവില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ജനതാദള്‍ എസ് നേതൃത്വം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നിന്ന് ഇന്നു രാവിലെ വടകരയിലെത്തിയ നാണുവിന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വീകരണം നല്കി. വടകരയില്‍ സമഗ്രമായ വികസനമാണ് കാഴ്ച വെച്ചതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത് തുടരാന്‍ ജയം ഉറപ്പാണെന്നും കേരളത്തില്‍ ഇടതു മതേതര പ്രസ്ഥാനങ്ങളുടെ വിജയം സുനിശ്ചിതമാണെന്നും നാണു പറഞ്ഞു.
സിറ്റിംഗ് എംഎല്‍എ ആയ സി.കെ.നാണുവിനു പുറമെ മുന്‍ എംഎല്‍എ എം.കെ.പ്രേംനാഥ്, ജനതാദള്‍ എസ് സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ, ജില്ലാ പ്രസിഡന്റ് ഇ.പി.ദാമോദരന്‍ എന്നിവരുടെ പേരുകള്‍ പരിഗണിച്ചിരുന്നെങ്കിലും ജയസാധ്യത കണക്കിലെടുത്ത് സി.കെ.നാണുവിനു നറുക്ക് വീഴുകയായിരുന്നു. സി.പി.എമ്മിനും സി.കെ.നാണുവിനോടാണ് ആഭിമുഖ്യം. ഇത് കൂടി കണക്കിലെടുത്താണ് നാണു വീണ്ടും മത്സര രംഗത്ത് വരുന്നത്. പ്രായാധിക്യം കാരണം നാണുവിനെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു. മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും ജനകീയത കണക്കിലെടുത്തു നാണുവിനെ ഒരിക്കല്‍ കൂടി സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.
റെയില്‍വെ സ്റ്റേഷനില്‍ നടന്ന സ്വീകരണ ചടങ്ങില്‍ എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ ആര്.ഗോപാലന് സി.കെ.നാണുവിനെ ഹാരാര്‍പണം ചെയ്തു. മുനിസിപ്പല്‍ ചെയര്മാന് കെ.ശ്രീധരന്, മുന്‍ ചെയര്‍പേഴ്സണ്‍ പി.പി.രഞ്ജിനി, ജനതാദള്‍ എസ് മണ്ഡലം പ്രസിഡന്റ് പറമ്പത്ത് രവീന്ദ്രന്, എന്‍സിപി ജില്ലാ സെക്രട്ടറി ടി.വി.ബാലകൃഷ്ണന്, മൊയാരത്ത് പത്മനാഭന്, ടി.കെ.ഷറീഫ്, കെ.പ്രകാശന് തുടങ്ങിയവര്‍ സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.
യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്നു പ്രഖ്യാപിക്കുന്നതോടെ വടകരയിലെ തെരഞ്ഞെടുപ്പ് രംഗം വ്യക്തമാകും. ജനതാദള്‍ യുവിന് യുഡിഎഫ് നീക്കിവെച്ച വടകരയില്‍ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഭാസ്കരന് എന്നിവരാണ് പരിഗണനയില്‍. ഏപ്രില്‍ എട്ടിനേ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാവൂ. മണ്ഡലം പ്രസിഡന്റ് അഡ്വ.എം.രാജേഷാണ് ബിജെപി സ്ഥാനാര്‍ഥി. ആര്‍എംപി നേതാവ് കെ.കെ.രമയും മത്സര രംഗത്തുണ്ട്.