ഗിരീഷ് പരുത്തിമഠം
നെയ്യാറിന് തീരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇക്കുറി സംസ്ഥാന, ദേശീയ നേതാക്കളുടെ സാന്നിധ്യം ഉണ്ടാകാനിടയുണ്ട്. നേതാക്കളുടെ വരവോടു കൂടി പാര്‍ട്ടി പ്രവര്‍ത്തകരുടെയും ആവേശവും ഉത്സാഹവും സ്വാഭാവികമായും വര്‍ധിക്കും. ഇന്ദിരാഗാന്ധി വരെ പ്രചാരണത്തിനെത്തിയിട്ടുള്ള മണ്ണിലെ പഴയ തലമുറക്കാരുടെ സ്മരണകളില്‍ അയല്‍നാട്ടിലെ നടികര്‍ തിലകം ശിവാജി ഗണേശന്റെ വരവും മായാതെ ബാക്കി.
ഇന്ദിരാഗാന്ധിയും ശിവാജി ഗണേശനും നെയ്യാറ്റിന്‍കരയിലെത്തിയത് ഒരേ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനു വേണ്ടിയാണെന്നത് മറ്റൊരു കൗതുകം. എന്‍ഡിപി യുടെ സ്ഥാനാര്‍ഥി ആര്. സുന്ദരേശന്‍നായരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 1977 മാര്‍ച്ചിലാണ് മുന്‍പ്രധാനമന്ത്രി കൂടിയായ ഇന്ദിരാഗാന്ധി എത്തിയത്. നെയ്യാറ്റിന്‍കര പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിനു മുന്നിലായിരുന്നു സമ്മേളനവേദി. ഇന്ദിരാഗാന്ധിയെ ഒരു നോക്കു കാണാന്‍ സമ്മേളനനഗരിയില്‍ ജനസാഗരം തന്നെ തടിച്ചുകൂടി.
ഇന്ദിരാഗാന്ധി ഉള്‍പ്പെടെ ആറു പ്രാസംഗികരേ വേദിയിലുണ്ടായിരുന്നുള്ളൂ. ഡി.സി.സി പ്രസിഡന്റ് ഹരിഹരയ്യര്‍, ജനറല്‍ സെക്രട്ടറി ഇ. രമേശന്‍നായര്‍, പിന്നെ മൂന്നു കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരും. തെരഞ്ഞെടുപ്പില്‍ സുന്ദരേശന്‍നായര്‍ ഉജ്വലവിജയം സ്വന്തമാക്കി. എതിര് സ്ഥാനാര്‍ഥി സി.പി.എമ്മിലെ ആര്. പരമേശ്വരന്‍പിള്ളയെ അയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി സുന്ദരേശന്‍നായര്‍ നിയമസഭയിലെത്തി. തൊട്ടടുത്ത തവണയും അതേ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി അദ്ദേഹം നെയ്യാറ്റിന്‍കരയെ പ്രതിനിധീകരിച്ചു.
തമിഴ് സിനിമാ ലോകത്തെ അഭിനയ സാമ്രാട്ട് നടികര്‍ തിലകം ശിവാജി ഗണേശന് 1982- ലെ തെരഞ്ഞെടുപ്പിലാണ് പ്രചാരണാര്‍ഥം നെയ്യാറ്റിന്‍കര സന്ദര്‍ശിച്ചത്. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ജംഗ്ഷനിലായിരുന്നു വേദി. വെള്ളിത്തിരയിലെ മുടിചൂടാ മന്നനെ നേരില്‍ കാണാനും ആ വാക്കുകള്‍ ശ്രവിക്കാനും പാര്‍ട്ടി പ്രവര്‍ത്തകരും സിനിമാ ആസ്വാദകരും ശിവാജിയുടെ ആരാധകരുമെല്ലാം കൂട്ടത്തോടെ തിരുവനന്തപുരം ജില്ലയ്ക്കകത്തും പുറത്തും നിന്നും എത്തിച്ചേര്‍ന്നു.
വീരപാണ്ഡ്യ കട്ടബൊമ്മനായും വി.ഒ ചിദംബരംപിള്ളയായും പരമശിവനായും തിരുപ്പൂര്‍ കുമാരനായും ഹരിശ്ചന്ദ്രനായും രാജ രാജ ചോളനായും കര്ണനായുമെല്ലാം നിറഞ്ഞാടിയ താരത്തെ നേരില്‍ കാണാനായതിന്റെ സംതൃപ്തിയോടെ സദസ്യര്‍ പിരിഞ്ഞു. പക്ഷെ, ഇന്ദിരാഗാന്ധിയുടെ സാന്നിധ്യം സമ്മാനിച്ച വിജയത്തിളക്കം ശിവാജി ഗണേശനിലൂടെ സുന്ദരേശന്‍നായര്‍ക്ക് ആവര്‍ത്തിക്കാനായില്ലെന്നത് ചരിത്രം. ജനതാ പാര്‍ട്ടിയെ പ്രതിനിധീകരിച്ച എസ്.ആര്. തങ്കരാജ് വന്പിച്ച ഭൂരിപക്ഷത്തില്‍ സുന്ദരേശന്നായരെ പരാജയപ്പെടുത്തി നിയമസഭാംഗമായി.