വിഎസ് വിയോജിച്ചു തന്നെ; അമ്പലപ്പുഴയില്‍ നടക്കുന്ന എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുകയില്ല

alp-achudanandanആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴയിലേക്ക് താനില്ലെന്ന നിലപാടില്‍ വി.എസ്. അച്യുതാനന്ദന്‍ ഉറച്ചുനില്ക്കുന്നു. എല്‍ഡിഎഫിലെ ഘടകകക്ഷിയായ എന്‍സിപി മത്സരിക്കുന്ന കുട്ടനാട്ടിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിന് രാമങ്കരിയില്‍ ഉദ്ഘാടനം ചെയ്യാനെത്തുന്ന വി.എസ് ഒരു മണിക്കൂറിന് ശേഷം അമ്പലപ്പുഴയില്‍ നടക്കുന്ന എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് എല്‍ഡിഎഫ് അമ്പലപ്പുഴ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്.

കഴിഞ്ഞ മൂന്നിനായിരുന്നു അമ്പലപ്പുഴ നിയോജക മണ്ഡലം എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ തീരുമാനിച്ചിരുന്നത്. വി.എസിനെ ഉദ്ഘാടനത്തിന് എത്തിക്കാനായിരുന്നു ശ്രമമെങ്കിലും ഇത് വിജയിക്കാത്തതിനെത്തുടര്‍ന്ന് കണ്‍വന്‍ഷന്‍ മാറ്റുകയായിരുന്നു.   എന്നാല്‍ ഈ ദിവസം തന്നെ നടന്ന ആലപ്പുഴ, അരൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ വി.എസ്. ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഏഴിലേക്ക് മാറ്റിയിരുന്നു. ഇന്ന് ജില്ലയിലുണ്ടായിട്ടും പാര്‍ട്ടിയിലെ പ്രമുഖ നേതാവായ ജി. സുധാകരന്‍ മത്സരിക്കുന്ന മണ്ഡലത്തിലേക്ക് എത്താന്‍ വി.എസ്. തയാറാകാത്തത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സ്വാഗത പ്രസംഗം നടത്തിയ ജി. സുധാകരന്‍ തന്നെ ലക്ഷ്യംവച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍  വിഎസിന് അസംതൃപ്തിയുണ്ടാക്കിയിരുന്നു. പറവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും ഇരുവര്‍ക്കുമിടയിലെ അകലം വര്‍ധിപ്പിച്ചിരുന്നു. പുന്നപ്രയിലെ വസതിയിലുണ്ടായിരുന്നിട്ടും ചടങ്ങിലെത്താതിരുന്ന വിഎസിനെതിരെ സുധാകരന്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.   വിഎസിനെ കണ്ടല്ല താന്‍ പാര്‍ട്ടിയില്‍ വന്നതെന്നും പറയാനുള്ളത് എവിടെയും പറയുമെന്നുമടക്കമുള്ള പരാമര്‍ശങ്ങളില്‍ അച്യുതാനന്ദന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതിനെതിരെ പ്രത്യക്ഷ പരാമര്‍ശങ്ങള്‍ വി.എസ്. നടത്തിയില്ലായെങ്കിലും വി.എസ് അനുകൂലികള്‍ സുധാകരനെതിരെ പോസ്റ്റര്‍ പ്രചരണം നടത്തിയിരുന്നു.

Related posts