മംഗോളിയയില്‍നിന്നു കടത്തപ്പെട്ട ആറിനം ദിനോസറുകളുടെ ഫോസില്‍ അമേരിക്ക തിരിച്ചു നല്കി. ന്യൂയോര്‍ക്കിലെ ഏജന്റുമാരില്‍നിന്നാണ് ഇവ കണ്ടെടുത്തത്. 6.6 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്നെന്നു കരുതപ്പെടുന്ന അലിയോറാമസ് എന്ന ഇനം ദിനോസറിന്റെ തലയോട്ടിയാണ് ഇവയില്‍ ഏറ്റവും വലുത്. ഈ ഇനം ദിനോസര്‍ അപൂര്‍വ ഇനത്തില്‍പ്പെട്ടതാണെന്നാണ് നിഗമനം. ഗോബി മരുഭൂമിയില്‍ വസിച്ചിരുന്നവയാണെന്നു കരുതുന്നു.
ടൈറാനോസറസ് എന്നു പൊതുവെ അറിയപ്പെടുന്ന ദിനോസര്‍ വര്‍ഗത്തിന്റെ കുടുംബത്തില്‍പ്പെട്ടതാണ് അലിയോറാമസ്. ഇവയുടെ രണ്ടു സ്പെസിമെനുകളാണ് മംഗോളിയയില്‍നിന്നു ഫോസില്‍ ഗവേഷകര്‍ കണ്ടെത്തിയത്. ഫ്രാന്‍സില്‍നിന്നു അമേരിക്കയിലേക്ക് വ്യാജ രേഖകള്‍ തയാറാക്കി കടത്തിയപ്പോഴാണ് അമേരിക്കന്‍ അധികൃതര്‍ ഈ ഫോസിലുകള്‍ പിടിച്ചെടുത്തത്.
1924ല്‍ മംഗോളിയ ദിനോസറുകളുടെ ഫോസിലുകള്‍ രാജ്യസ്വത്തായി അംഗീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മംഗോളിയയില്‍നിന്നു ഫോസിലുകള്‍ കയറ്റിയയ്ക്കുന്നത് കുറ്റകരമാണ്. ചൊവ്വാഴ്ച ഈ ഫോസിലുകള്‍ മംഗോളിയന്‍ സര്‍ക്കാരിന് ഔദ്യോഗികമായി കൈമാറി. കടത്തപ്പെട്ട ഫോസിലുകള്‍ തിരിച്ച് മംഗോളിയയിലേക്ക് എത്തുന്ന ശ്രേണിയിലെ ഏറ്റവും പുതിയ സംഭവമാണിത്. 2013ല്‍ ഏഴു കോടി വര്‍ഷം പഴക്കമുള്ള ടാര്ബോസറസ് ബാറ്റാര് എന്ന ദിനോസറിന്റെ അസ്ഥികൂടം മംഗോളിയയിലെത്തിച്ചിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആകെ 23 ദിനോസര്‍ ഫോസിലുകള്‍ അമേരിക്കയില്‍നിന്ന് മംഗോളിയയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഗോബി മരുഭൂമിയില്‍നിന്നാണ് വലിയതോതില്‍ ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ളത്. വടക്കുപടിഞ്ഞാറന്‍ ചൈനയിലും മംഗോളിയയിലുമായി വ്യാപിച്ചുകിടക്കുന്ന മരുഭൂമിയാണ് ഗോബി. 12 കോടി വര്‍ഷം പഴക്കമുള്ള മൈക്രോറാപ്റ്ററിന്റെ ഫോസില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അമേരിക്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ചൈനയ്ക്ക് തിരികെ നല്‍കിയിരുന്നു.