ഷൊര്‍ണൂര്‍: അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇഷ്ടികച്ചൂളകള്‍ നിര്‍ത്തിക്കുന്നതിനു റവന്യൂവകുപ്പ് നടപടികള്‍ തുടങ്ങി. ഇഷ്ടികച്ചുളകള്ക്കെതിരേ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ശനനടപടി സ്വീകരിക്കുന്നതിന് അധികൃതര്‍ തീരുമാനമെടുത്തത്.ഒറ്റപ്പാലം തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് ഇഷ്ടികകളങ്ങളില്‍ പരിശോധന നടത്തിയത്. അധികൃതര്‍ ചൂളകള്‍ നിര്‍ത്താന്‍ നോട്ടീസ് നല്കി. നഗരസഭയിലെ കയിലിയാട് റോഡിലെ രണ്ടെണ്ണവും മുണ്ടായയിലെ രണ്ട് ഇഷ്ടികക്കളങ്ങളിലുമാണ് റവന്യൂസംഘം റെയ്ഡ് നടത്തിയത്.
തഹസീല്‍ദാര്‍മാരായ പി.സുമതി, കെ.വിജയഭാസ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ജിയോളജിക്കല്‍ വകുപ്പിന്റെ ഉള്‍പ്പെടെയുള്ള അനുമതിപത്രവും ഇഷ്ടികചൂളകള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യമായതായി റവന്യൂസംഘം പറഞ്ഞു. മുണ്ടായയില്‍ രണ്ടു ചൂളകളും പ്രവര്‍ത്തിക്കുന്നത് ഭാരതപ്പുഴയുടെ വൃഷ്ടിപ്രദേശത്താണ്. പുഴയിലെ വെള്ളം ഉപയോഗിച്ചും കളിമണ്ണ് ഖനനം ചെയ്തുമാണ് ചൂളപ്രവര്ത്തിക്കുന്നത്. കയിലിയാട് റോഡില്‍ കൃഷി സ്ഥലത്താണ് അനുമതിയില്ലാതെ മണ്ണുഖനനം ചെയ്തത് ചൂള പ്രവര്‍ത്തിച്ചിരുന്നത്. മേല്പറഞ്ഞ ക്വാറികള്‍ക്കെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ നിരവധിതവണ പരാതി നല്‍കിയിട്ടും യാതൊരു പ്രയോജനവും ഉണ്ടാ—യില്ല.
വാണിയംകുളം ഗ്രാമപഞ്ചായത്തില്‍ ത്രാങ്ങാലിയില്‍ റെയില്‍വേ പാളത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഇഷ്ടിക ചൂളയ്ക്കെതിരേയും ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്താണ് ഇതിനു ഉത്തരവു നല്‍കിയത്. കത്തുന്ന വേനലില്‍ കുടിവെള്ളം ലഭിക്കാതെ ജനങ്ങള്‍ വലയുമ്പോള്‍ ജലചൂഷണം നടത്തി മാഫിയകള്‍ തടിച്ചു കൊഴുക്കുകയാണ്. പാലക്കാട് ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇഷ്ടികചൂളകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇഷ്ടിക ചൂളകള്ക്കെതിരേ നടപടിയെടുക്കേണ്ട ജില്ലാ ഭരണകൂടം ഇത്തരം പ്രകൃതി ചൂഷണങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.