സോഷ്യല്‍മീഡിയയില്‍ പേടിപ്പിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന കാറിന്റെ ചിത്രം കണ്ട് പേടിക്കേണ്ട. എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല…ഗായിക സിത്താര കൃഷ്ണകുമാറിന്റെ വാക്കുകളാണിത്. സിത്താര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് അപടകത്തില്‍പ്പെട്ട കാറിന്റെ ചിത്രമുള്‍പ്പെടെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ അതേത്തുടര്‍ന്ന് സിത്താരയ്ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണവുമായി എത്തി.
ഇതേത്തുടര്‍ന്ന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സിത്താര. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അപകടത്തെ കുറിച്ച് സിത്താര വ്യക്തമാക്കുന്നത്. അപകടവാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ ഒട്ടേറെ പേര് നേരിട്ടും അല്ലാതെയും വിളിച്ചു അപകടത്തെ കുറിച്ച് അന്വേഷിച്ചു. ഇതിന് കാരണം വാര്‍ത്തയ്ക്ക് ഒപ്പം നല്കിയ കാറിന്റെ ചിത്രമാണെന്ന് സിത്താര പറയുന്നു.
രാവിലെ കാറോടിച്ച് പോകുമ്പോള്‍ എതിരെ വന്ന ഇരുചക്രവാഹനക്കാരനെ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോഴാണ് പോസ്റ്റിലിടിച്ച് അപകടമുണ്ടായത്. ഈ സമയം കാറില്‍ സിത്താര മാത്രമേ ഉണ്ടായിരുന്നുളളൂ. പോസ്റ്റിലിടിച്ച് കാറിന്റെ മുന്‍വശം തകര്‍ന്നിരുന്നു. ഈ ചിത്രം വാര്‍ത്തകളില്‍ വന്നതോടെ സംഭവിച്ചത് വലിയ അപകടമാണെന്ന് തെറ്റിദ്ധരിച്ചാണ് ഒട്ടേറെ കോളുകള്‍ എത്തുന്നത്. എന്നാല്‍ തനിക്ക് നിസാരപരിക്കേയുള്ളൂവെന്നും ചിത്രത്തില്‍ കാണുന്ന പോലെ ഭീകരമായ ഒരു അപകടം അല്ല നടന്നതെന്നും സിത്താര വ്യക്തമാക്കുന്നു.
വിദേശങ്ങളിലടക്കമുള്ള , തന്റെ അച്ഛനുള്‍പ്പെടെയുള്ളവര്‍ വാര്‍ത്ത കണ്ട് ഭയപ്പെട്ടുവെന്നും കാറിന്റെ ഏറ്റവും ഭീകരത തോന്നുന്ന ദൃശ്യങ്ങള്‍ എടുത്ത് പ്രചരിപ്പിച്ചവരോടും താന്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അന്വേഷിക്കാതെ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങളോടും നന്ദിയുണ്ടെന്നും സിത്താര പരിഹാസരൂപേണ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. വീണ്ടും ആളുകള്‍ അന്വേഷണം തുടര്‍ന്നപ്പോഴാണ് വീഡിയോയിലൂടെ സിത്താര കാര്യം വ്യക്തമാക്കിയത്.