കണ്ണൂർ: ജില്ലയിൽ പകർച്ചപ്പനി പടരുന്നു. ഈമാസം ജില്ലയിൽ 10,500 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞമാസം 3,474 പേരാണ് മാത്രമാണ് ചികിത്സതേടിയത്. ജനുവരി മുതൽ 74,497 പേർ പനി ബാധിച്ച് ചികിത്സ തേടി.
കൊട്ടിയൂർ, ഉളിക്കൽ എന്നിവടങ്ങളിൽ ഡെങ്കിപ്പനി പടരുന്നുതിൽ ജനങ്ങൾ ആശങ്കയിലാണ്. ഈമാസം 113 പേർക്ക് ഡെങ്കിയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഇതിൽ 14 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡെങ്കിപ്പനി പടരുന്ന മേഖലയിൽ ആരോഗ്യ വകുപ്പ് അധിക്യതർ ക്യാമ്പ് ചെയ്യുന്നുണ്ട്.
പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഓടകളിലെ മാലിന്യം നീക്കം ചെയ്യുവാനും കൊതുകു നശീകരണവും വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കാനും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധിക്യതർ മുന്നറിപ്പ് നൽകി. കോഴിക്കോട് ജില്ലയിലെ സ്ഥിരീകരിച്ച നിപ്പാ വൈറസ് പനി ഇതുവരെ കണ്ണൂരിൽ റിപ്പോർട്ടു ചെയ്തിട്ടില്ലെന്ന് ഡിഎംഒ അറിയിച്ചു.