വൈക്കം: രണ്ടു മാസത്തെ വേനലവധിക്കു ശേഷം സ്കൂളുകൾ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കുട്ടികൾ തൊടികളിലും കളിക്കളങ്ങളിലും കുളങ്ങളിലുമൊക്കെ കളിച്ചു മറിയുന്നു. നാട്ടിൻ പുറങ്ങളിൽ മുതിർന്നകുട്ടികൾ ഉണങ്ങിയ നെൽപാടങ്ങളിലും കളിക്കളങ്ങളിലുമൊക്കെ ഫുട്ബോൾ, ക്രിക്കറ്റ് കളിയും കായലിലും പുഴയിലും കനാലിലും കുളങ്ങളിലും നീന്തിക്കുളിയും മരംകയറ്റവും ചുണ്ടയിടലുമൊക്കെയായി വ്യാപൃതരായിരുന്നു.
ബന്ധുവീടുകളിൽ വേനലവധിക്കെത്തി കളിച്ച് തിമിർ ത്ത് പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കിയ കൂട്ടുകാർ പങ്കുവച്ച അവധിക്കാലത്തിന്റെ മാധുര്യവും ഉൗഷ്മളതയും പങ്കുവയ്ക്കാൻ അടുത്ത അവധിക്കാലത്ത് തിരിച്ചെത്താമെന്ന ഉറപ്പോടെയാണ് മടങ്ങിയത്.
വേനലധിക്ക് കളികൾക്കിടയിലും ചിത്രരചന, സംഗീത -നൃത്ത അഭ്യസനം, കരാട്ടേപഠനം തുടങ്ങിയവ അഭ്യസിച്ച് ചിലർ പുത്തൻ അറിവുകൾ നേടി. മുൻവർഷങ്ങളെ അപേക്ഷിച്ച് വിദ്യാലയങ്ങൾ പഠനത്തിനൊപ്പം വിദ്യാർഥികളുടെ പാഠ്യേതര മികവുകൾക്ക് പ്രോൽസാഹനം നൽകാൻ നാട്ടിൻ പുറങ്ങളിലെ സ്കൂളുകളടക്കം കളിക്കളങ്ങളും ലൈബ്രറിയും കന്പ്യൂട്ടർലാബു മൊക്കെ നവീകരിച്ച് സ്മാർട്ടാകുകയാണ്.
പുത്തൻ ബാഗും കുടയും വാട്ടർബോട്ടിലും ഉടുപ്പും ചെരുപ്പുമൊക്കെ വാങ്ങി പുതിയ പുസ്തകത്തിലെ പാട്ടും കഥയും ഏറ്റു പാടി ഹൃദിസ്ഥമാക്കാൻ കളികൾക്ക് അവധി നൽകി അറിവിന്റെ ആദ്യാക്ഷര മധുരം നുകരാൻ നൂറു കണക്കിനു കുരുന്നുകളും അക്ഷരമുറ്റത്തേക്ക് എത്തുന്നതിനു തയ്യാറെടുക്കുകയാണ്.