രാജീവ് ഡി.പരിമണം
കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ക്ഷേത്രഭാരവാഹികളെ കൊല്ലത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുതുടങ്ങി. ക്ഷേത്രഭാരവാഹികളായ പി.എസ്ജയലാല്, കൃഷ്ണന്‍കുട്ടിപിള്ള, പ്രസാദ്, രവീന്ദ്രന്‍പിള്ള, സോമന്‍പിള്ള എന്നിവരാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ളത് . ഇന്നലെ രാത്രി 11 ഓടെ അഞ്ചുപേര്‍ കീഴടങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് ക്ഷേത്രഭരണസമിതി രക്ഷാധികാരി സുരേന്ദ്രനാഥന്‍പിള്ള, മുരുകേശ് എന്നിവര്‍ പോലീസില്‍ കീഴടങ്ങിയത്. കമ്പത്തിന് അനുമതിയില്ലാതിരിക്കെ കമ്പം നടത്തിയതുമായി ബന്ധപ്പെട്ടാണ് ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പടെ 20പേര്‍ക്കെതിരെ കേസെടുത്തത്. ഇവരുടെ മൊഴിരേഖപ്പെടുത്തിയശേഷം വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
കമ്പത്തിന് അനുമതിയില്ലാതിരിക്കെ കമ്പം നടത്തിയതുമായി ബന്ധപ്പെട്ടാണ് ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പടെ 20പേര്‍ക്കെതിരെ കേസെടുത്തത്. ഇവരുടെ മൊഴിരേഖപ്പെടുത്തിയശേഷം വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കമ്പത്തിന് കളക്ടര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ പോലീസ് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ ഷൈനാമോള്‍ സിറ്റിപോലീസ് കമ്മീഷണര്‍ക്കെതിരെ രംഗത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്. ഇതിനെതുടര്‍ന്ന് ഉന്നത രാഷ്ട്രീയ ഇടപെടല്‍ കമ്പത്തിന് മൗനാനുവാദം നല്‍കുന്നതിന് പിന്നില്‍ ഉണ്ടായിട്ടുണ്ടോയെന്നും ക്രൈബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
ഇതുവരെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 109 ആണ്. ഇതില്‍ 20 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. കൊല്ലത്തെ കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍ താലൂക്ക് ആശുപത്രികളില്‍ 11 മൃതദേഹങ്ങളും സ്വകാര്യ ആശുപത്രിയില്‍ ഒരു മൃതദേഹവും തിരിച്ചറിയാനുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മറ്റ് മൃതദേഹങ്ങള്‍. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ഏഴുപേരുടെ നിലഗുരുതരമായി തുടരുകയാണ്.
കൊല്ലം ജില്ലാആശുപത്രിയില്‍ ഇന്നലെ വൈകി മൂന്നുപേര്‍ കൂടി ചികിത്സതേടിയെത്തിയതോടെ 30 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന സ്വകാര്യആശുപത്രി അധികൃതര്‍ ചികിത്സാചെലവ് ഈടാക്കിയത് വിവാദമായതോടെ ആരോഗ്യവകുപ്പ് മന്ത്രി ഇടപെട്ട് വാങ്ങിയപണം തിരിച്ചുനല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. വാങ്ങിയ പണം മിക്ക സ്വകാര്യആശുപത്രികളും രോഗികള്‍ക്ക് മടക്കിനല്കിവരികയാണ്. സൗജന്യ ചികിത്സയെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കാതിരുന്നതുകൊണ്ടാണ് പണം ഈടാക്കിയതെന്നാണ് സ്വകാര്യആശുപത്രിക്കാര്‍ പറഞ്ഞത്.
ചാത്തന്നൂര്‍ എംഎല്‍എ ജയലാല്‍ മുഖ്യമന്ത്രിക്ക് പരാതിനല്‍കുകയും ആരോഗ്യവകുപ്പ് മന്ത്രിയെ കാര്യങ്ങള്‍ ഫോണില്വിളിച്ചറിയിക്കുകയും ചെയ്തതിനെതുടര്‍ന്നാണ് നടപടിയുണ്ടായത്. പരിക്കേറ്റവരുടെ ചികിത്സയെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ അവലോകനയോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ തങ്ങുന്ന ഡല്‍ഹിയില്‍നിന്നുള്ള ഡോക്ടര്‍മാരുടെ വിദഗ്ധസംഘവും യോഗത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം ഇന്നു രാവിലെ ക്രൈബ്രാഞ്ച് സംഘം ചാത്തന്നൂര്‍ എസിപി സന്തോഷിനെ ഓഫീസിലേക്ക് വിളിപ്പിച്ച് വിവരങ്ങള്‍ ആരാഞ്ഞു.
ഒളിപ്പിച്ചുവച്ച വെടിക്കോപ്പുകള്‍ നിര്‍വീര്യമാക്കിത്തുടങ്ങി
കൊല്ലം: ക്ഷേത്രപരിസരത്തെ ആളില്ലാത്ത പുരയിടത്തിലും കാറുകളിലും കണ്ടെത്തിയ വെടിക്കോപ്പുകള്‍ നിര്‍വീര്യമാക്കിത്തുടങ്ങി. പോലീസ് ബോംബ് സ്ക്വാഡാണ് ഇവ നിര്‍വീര്യമാക്കുന്നത്. പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിനു പിന്നാലെ പോലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ മൂന്നു കാറുകളിലും ആളില്ലാത്ത പുരയിടത്തിലും ഒളിപ്പിച്ച് വച്ചിരുന്ന വെടിക്കോപ്പുകളാണ് പിടികൂടിയത്. ക്ഷേത്രത്തിന് അര കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തുനിന്ന് രണ്ടു ചാക്കുകളില്‍ പൊതിഞ്ഞാണ് ഇവ ഒളിപ്പിച്ചു വച്ചിരുന്നത്. രണ്ടു ദിവസമായി ഇവിടെ കിടക്കുന്ന മൂന്നു കാറുകളിലും ചാക്കുകളിലാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.
ഉഗ്ര സ്ഫോടന ശേഷിയുള്ള ഗുണ്ടുകളാണ് ഇവിടെ ഒളിപ്പിച്ചുവച്ചിരുന്നത്. മീനഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടിനു കൊണ്ടുവന്നതാണ് ഇവയെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വെടിക്കെട്ടിന് ഔദ്യോഗിക അനുമതി ഇല്ലാത്തതിനാല്‍ ഇത്തരത്തില്‍ വെടിക്കോപ്പുകള്‍ നഗരത്തിന്റെ പലഭാഗത്തും വാഹനങ്ങളില്‍ കൊണ്ടുവന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്.കമ്പത്തില്‍ പങ്കെടുത്ത കഴക്കൂട്ടം സുരേന്ദ്രന് ആശാന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ളതാണ് കാറുകളെന്നു പോലീസ് പിന്നീടു സ്ഥിരീകരിച്ചിട്ടുണ്ട്..
സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ട്
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയത് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സിന്റെ റിപ്പോര്‍ട്ട്. നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് വന്‍തോതില്‍ വെടിക്കെട്ടിന് ഉപയോഗിച്ചതായി കണ്ടെത്തി. വെടിക്കെട്ടിന് 100 മീറ്റര്‍ ചുറ്റളവില്‍ കെട്ടിടങ്ങള്‍ പാടില്ലെന്ന നിബന്ധന ലംഘിച്ചു. സുദര്ശന് കമാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ഇന്നു കേന്ദ്രത്തിനു കൈമാറിയേക്കും.
വെടിക്കെട്ടിനുള്ള ദൂരപരിധി പാലിച്ചില്ല. വെടിക്കെട്ട് നടക്കുന്നതിന് 60 മീറ്റര്‍ അടുത്തുവരെ കെട്ടിടങ്ങള്‍ ഉണ്ടായിരുന്നു. 80% മരണവും കോണ്‍ക്രീറ്റ് പാളികള്‍ ചിതറിത്തെറിച്ചാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അമിട്ടുകുറ്റികള്‍ ഇരുമ്പുകമ്പി വച്ച് ഉറപ്പിക്കണമെന്ന നിബന്ധനയും പാലിച്ചില്ല. ബാരലുകള്‍ ചെരിഞ്ഞാണിരുന്നത്. ഇത് ദുരന്തത്തിന്റെ ആക്കം കൂട്ടി. സ്ഫോടകവസ്തുക്കള്‍ ശേഖരിച്ചത് അനധികൃതമായി പണിത ഷെഡിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.