മൂവാറ്റുപുഴ: കര്‍ഷകരുടെ സംഘടിതമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് ഉണ്ടാവുകയുള്ളൂവെന്ന് മീഡിയ അക്കാഡമി ചെയര്‍മാന്‍ സെര്‍ജി ആന്റണി. ഇന്‍ഫാം മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ചിരിക്കുന്ന കാര്‍ഷിക മേളയില്‍ “കര്‍ഷിക മേഖലയില്‍ മാധ്യമങ്ങളുടെ കടമ’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്‍ഫാം പോലെയുള്ള പ്രസ്ഥാനങ്ങള്‍ കാര്‍ഷിക മേഖലയുടെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്നവയാണ്. കാര്‍ഷിക പ്രതിബദ്ധതയുള്ള ദീപിക അടക്കമുള്ള മാധ്യമങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നുണ്ട്.
ഇന്‍ഫാം സംഘടിപ്പിച്ചിരിക്കുന്നതുപോലുള്ള കാര്‍ഷിക മേളകള്‍ കര്‍ഷകര്‍ക്ക് മാത്രമല്ല സമൂഹത്തിനും ഏറെ പ്രയോജനപ്പെടുമെന്നും സെര്‍ജി ആന്റണി കൂട്ടിച്ചേര്‍ത്തു. ദീപിക അസോസ്യേറ്റ് എഡിറ്റര്‍ റ്റി.സി. മാത്യു മുഖ്യപ്രഭാഷണം നടത്തി.ഇന്‍ഫാം ദേശീയ വൈസ് ചെയര്‍മാന്‍ മൊയ്തീന്‍ ഹാജി അധ്യക്ഷത വഹിച്ചു. കര്‍ഷകശ്രീ സബ് എഡിറ്റര്‍ ജോബി ജോര്‍ജ്, ഇന്‍ഫാം ദേശീയ ട്രസ്റ്റി ഡോ. എം.സി. ജോര്‍ജ്, ദേശീയ ട്രഷറര്‍ ജോയി തെങ്ങുംകുടി എന്നിവര്‍ പ്രസംഗിച്ചു.
മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപം നടക്കുന്ന കാര്‍ഷിക മേള 17-ന് സമാപിക്കും. ഇന്ന് വൈകുന്നേരം മൂന്നിന് “കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് ബാങ്കുകളുടെ സേവനം’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഫെഡറല്‍ ബാങ്ക് ജനറല്‍ മാനേജര്‍ തമ്പി കുര്യന്‍ ഉദ്ഘാടനം ചെയ്യും. ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ അധ്യക്ഷത വഹിക്കും.
നബാര്‍ഡ് ചീഫ് ജനറല്‍ മാനജേര്‍ രമേശ് ടെങ്കില്‍ മുഖ്യപ്രഭാഷണം നടത്തും. ഇന്‍ഫാം മൂവാറ്റുപുഴ മേഖലാ പ്രസിഡന്റ് റോയി വള്ളമറ്റം പ്രസംഗിക്കും. ബാങ്ക് ഓഫ് ഇന്ത്യ റീജണല്‍ മാനേജര്‍ ആനന്ദ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ് എന്നിവര്‍ സെമിനാര്‍ നയിക്കും.