പരവൂര്‍ വെടിക്കെട്ടിനു പൊട്ടാസ്യം ക്ലോറേറ്റ് കിട്ടിയതെങ്ങനെ ? അന്വേഷണം തീപ്പെട്ടിക്കമ്പനികളിലേക്ക്; വെടിക്കെട്ട് ദുരന്തത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് തന്നെ തുടരും

vediketuu111എം.ജെ.ശ്രീജിത്ത്

തിരുവനന്തപുരം: പടക്കങ്ങളില്‍ പൊട്ടാസ്യം ക്ലോറേറ്റ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവ പിടിച്ചെടുക്കാന്‍ സംസ്ഥാന വ്യാപമായി റെയ്ഡ് നടത്താന്‍ പോലീസിന് നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്   സ്‌ഫോടക വസ്തുക്കള്‍ വന്‍ തോതില്‍ ശേഖരിച്ചു വയ്ക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നീക്കം. പൊട്ടാസ്യം ക്ലോറേറ്റ് കൂടുതല്‍ ശേഖരിച്ചു വയ്ക്കുന്നത് തീപ്പെട്ടി കമ്പനിക്കാരാണ്.

ഇവരില്‍ നിന്ന് പടക്കകടകളിലേക്കും പാറമടകളിലേക്കും ഇത് പോകുന്നുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. തീപ്പെട്ടി കമ്പനകളിലും പരിശോധന ഉണ്ടാകും. ലൈസന്‍സില്‍ അനുവദിച്ചിരിക്കുന്നതില്‍ കൂടുതല്‍ പോട്ടാസ്യം ക്ലോറേറ്റ് സൂക്ഷിച്ചു വച്ചിരിക്കുന്ന തീപ്പെട്ടി കമ്പനികളില്‍ നിന്ന് ഇവ പിടിച്ചെടുക്കുകയും ഇവര്‍ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കുകയും ചെയ്യും.

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വ്യാപകമായി പടക്കങ്ങള്‍ ശേഖരിച്ചു വയ്ക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരിക്കും നടപടി. ഇപ്പോള്‍ തന്നെ പല ജില്ലകളിലും നടപടി ആരംഭിച്ചിട്ടുണ്ട്.  കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്ന് പടക്കങ്ങളും പോട്ടാസ്യം ക്ലോറേറ്റും കൊണ്ടുവരാനുള്ള സാധ്യത മുന്നില്‍ കണ്ട് ചെക്കുപോസ്റ്റുകളില്‍ പ്രത്യേക പരിശോധന നടത്തും.

തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതലായി സംസ്ഥാനത്തേക്ക് പടക്കങ്ങള്‍ വരുന്നത്. അന്തര്‍ സംസ്ഥാന ബസുകളിലടക്കം കര്‍ശന പരിശോധന വേണമെന്ന നിര്‍ദ്ദേശമാണ് ചെക്കുപോസ്റ്റുകളിലേക്ക് കൈമാറിയിരിക്കുന്നത്. എക്‌സ്‌പ്ലോസീവ് കണ്‍ട്രോള്‍മാരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഇവരുടെ ഇടപെടലുകള്‍ പരിശോധിക്കപ്പെടേണ്ടതാണെന്ന റിപ്പോര്‍ട്ടും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നവരെ കണ്ടെത്തുകയും ഇവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനും അധികാരപ്പെട്ട ഇവര്‍   കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.

പോലീസിന് ഇവയ്‌ക്കെതിരേ നടപടിയെടുക്കുന്നതിന് പരിമിതികളുണ്ടെന്നും ചെയ്യേണ്ട വിഭാഗം ഇതു ചെയ്യുന്നില്ലെന്ന പരാതിയാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. ഇതേക്കുറിച്ചും അന്വഷണം ഉണ്ടാകും. വന്‍കിട കമ്പനിക്കാരുമായി ചില ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ടബന്ധങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് ഇന്റലിജന്‍സ് വിഭാഗവും സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ അന്വേഷണം തന്നെ ഉണ്ടാകുമെന്ന വിവരമാണ് ലഭിക്കുന്നത്.

അന്വേഷണം ക്രൈംബ്രാഞ്ച് തുടരും

രാജീവ് ഡി.പരിമണം

കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് തന്നെ തുടരും. ഇത് സംബന്ധിച്ച് സിബിഐ ഉള്‍പ്പടെയുള്ള ഏതന്വേഷണത്തിനും തയാറായാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്ന സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനമുണ്ടായത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. മേയ് 18നകം അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറണമെന്നും അറിയിച്ചിട്ടുണ്ട്.

കേസന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് തൃപ്തികരമല്ലെങ്കില്‍ സിബിഐ ഉള്‍പ്പടെയുള്ള അന്വേഷണ കാര്യം കോടതി പരിഗണിച്ചേക്കും. 113പേരാണ് പരവൂരിലെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചത്. നിരവധിപേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ആറുപേരുടെ നില ഗുരുതരമായി തുടരുകയാണ്. പരവൂര്‍ സ്വദേശി സത്യന്‍, കഴക്കൂട്ടം സ്വദേശി കണ്ണന്‍, രാജീവ്, സുധീര്‍, അജിത്, ചന്ദ്രബോസ് എന്നിവരുടെ നിലയാണ് ഗുരുതരമായിട്ടുള്ളത്.

ദുരന്തമുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചറിയാനാവാതെ 13 മൃതദേങ്ങളാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ളത്. 18പേരെ കാണാതായതനുസരിച്ച് അവരുടെ ബന്ധുക്കള്‍ ജില്ലാആശുപത്രിയിലും മെഡിക്കല്‍കോളജിലുമെത്തി ഡിഎന്‍എ ടെസ്റ്റിന് വിധേയമായിവരികയാണ്. രക്തസാമ്പിളുകള്‍ നല്‍കിയവരുടെ പരിശോധനാഫലം ഒരാഴ്ചക്കുള്ളില്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  സര്‍ക്കാരിന്റെ തീരുമാനപ്രകാരം അന്വേഷണം നടത്തുന്ന ഉപസമിതിയിലുള്ള മന്ത്രിമാരായ ഷിബുബേബീജോണ്‍, അടൂര്‍പ്രകാശ്, ശിവകുമാര്‍ എന്നിവര്‍ ദുരന്തമേഖല സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. പരവൂരിലെ ദുരന്തപ്രദേശത്തെ കിണറുകള്‍ അടിയന്തികരമായി ശുചീകരീക്കുന്നതിനാവശ്യമായ നിര്‍ദേശം മന്ത്രി അടൂര്‍ പ്രകാശ് നല്‍കി.

വെടിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ പോലീസും ജില്ലാഭരണകൂടവും പരാജയപ്പെട്ടതായാണ് ഉപസമിതിയുടെ വിലയിരുത്തല്‍. ദുരന്തവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് ശേഖരിക്കുന്ന അന്വേഷണറിപ്പോര്‍ട്ട് 19ന് ഉപസമിതി സര്‍ക്കാരിന് സമര്‍പ്പിക്കും. അതേസമയം ആഭ്യന്തരവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതോടെ സിറ്റിപോലീസ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നടപടിയുണ്ടാകുമെന്നാണ്  അറിയാന്‍  കഴിഞ്ഞിട്ടുള്ളത്. കേസുമായിബന്ധപ്പെട്ട് ഇതുവരെ 13പേരാണ് പിടിയിലായിട്ടുള്ളത്.

വരുംദിവസങ്ങളില്‍ എഡിഎം ഉള്‍പ്പടെയുള്ളവരുടെ മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനമെന്നും അറിയുന്നു. ദുരന്തവുമായി ബന്ധപ്പെട്ട് നിലവില്‍ 20പേര്‍ക്കെതിരെയാണ് കേസുള്ളത്. ഇതില്‍ 13പേര്‍ മാത്രമാണ് പിടിയിലായിട്ടുള്ളത്. മറ്റുള്ളവരില്‍ ചിലര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി നല്‍കിയില്ല. മറ്റ്പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.

Related posts