ജലക്ഷാമം രൂക്ഷം: നഗരവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍

alp-waterആലപ്പുഴ: വേനല്‍ കനത്തതോടെ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്. സാധാരണ അവസരങ്ങളില്‍ പോലും പ്രദേശത്ത് പൈപ്പ് ലൈനുകളിലൂടെ കുടിവെള്ളമെത്തുന്നത് വളരെ കുറച്ച് സമയത്തേക്കുമാത്രമായിരുന്നു. വേനല്‍ കൂടി ശക്തമായതോടെ കുടിവെള്ള പൈപ്പിലും വീടുകളിലേക്കെടുത്തിരിക്കുന്ന കണക്ഷനുകളിലും ജലം ലഭിക്കാത്ത അവസ്ഥയാണ്.

ജില്ലാ കോടതി വാര്‍ഡില്‍ രണ്ടാഴ്ചയിലേറെയായി വാട്ടര്‍ അഥോറിട്ടിയുടെ പൈപ്പ് ലൈനിലൂടെയുള്ള കുടിവെള്ളമെത്തുന്നില്ല. പ്രദേശവാസികള്‍ കുഴല്‍ കിണര്‍ വെള്ളത്തെയും കുപ്പി വെള്ളത്തെയുമാണ് ആശ്രയിക്കുന്നത്. കിലോമീറ്ററുകള്‍ സഞ്ചരിച്ച് ആര്‍ ഒ പ്ലാന്റുകളില്‍ നിന്നും വെള്ളം ശേഖരിക്കേണ്ട അവസ്ഥയാണിവിടെ. വേനല്‍ ശക്തമായതോടെ ആര്‍ ഒ പ്ലാന്റുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും മണിക്കൂറുകളോളം കാത്തുനിന്നാല്‍ മാത്രമേ പത്തുലിറ്റല്‍ വെള്ളം ശേഖരിക്കാനാവുവെന്നതാണ് അവസ്ഥ.

സ്റ്റേഡിയം വാര്‍ഡിലെ വിവിധ പ്രദേശങ്ങളിലും, ആലിശേരി വാര്‍ഡിന്റെ വിവിധ പ്രദേശങ്ങളിലും  കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. വാട്ടര്‍ അഥോറിട്ടി ഉദ്യോഗസ്ഥരോട് ജലക്ഷാമം സംബന്ധിച്ച പരാതിപ്പെട്ടപ്പോള്‍ തങ്ങളുടെ നിസഹായ അവസ്ഥ പരാതിക്കാര്‍ക്ക് മുന്നില്‍ തുറന്നുകാട്ടുകയാണ് അധികൃതര്‍ ചെയ്തത്.

റവന്യു വകുപ്പാണ് ജലക്ഷാമം അനുഭവപ്പെടുമ്പോള്‍ ബദല്‍ മാര്‍ഗങ്ങളിലൂടെ കുടിവെള്ള വിതരണം നടത്തേണ്ടതെന്നാണ് ഇവര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് ചൂടിലായതോടെ റവന്യു അധികൃതര്‍ വേനല്‍ രൂക്ഷമായ പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ കുടിവെള്ളമെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്ന് പിന്നോട്ടുപോയതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കുടിവെള്ള ക്ഷാമം കഴിഞ്ഞദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സിലിലും ചര്‍ച്ചാവിഷയമായിരുന്നു.

Related posts