മുംബൈ: മഹാരാഷ്ട്രയിൽ അഞ്ചു പേരെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ മൂന്നു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 18 ആയി. ധുലെ ജില്ലയിലെ ആദിവാസി മേഖലയായ റെയിൻപാഡയിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജസന്ദേശമാണ് ആക്രമണത്തിലേക്കു നയിച്ചത്. സംസ്ഥാന ഗതാഗത കോർപറേഷന്റെ ബസിൽ റെയിൻപാഡയിലെത്തിയവരാണു കൊല്ലപ്പെട്ടത്.
ബസിലെത്തിയവരിൽ ഒരാൾ ഒരു പെൺകുട്ടിയോടു സംസാരിക്കുന്നതു കണ്ട ആൾക്കൂട്ടം കല്ലും വടികളുമായി അഞ്ചു പേരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവരെ മുറിക്കുള്ളിൽ അടച്ചിട്ടും മർദിച്ചു. ആഴ്ചച്ചന്തദിവസമായതിനാൽ പ്രദേശത്ത് ധാരാളം പേരുണ്ടായിരുന്നു. അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു പോലീസുകാർക്കു പരിക്കേറ്റു.
കുട്ടികളെ തട്ടിയെടുക്കുന്ന സംഘം പ്രദേശത്തു സജീവമാണെന്ന അഭ്യൂഹം ഏതാനും ദിവസങ്ങളായി പരന്നിരുന്നു. കൊല്ലപ്പെട്ടവർ സോളാപുർ ജില്ലക്കാരാണ്. ഇവർ റെയിൻപാഡയിലെത്തിയത് എന്തിനെന്ന് വ്യക്തമല്ല. റെയിൻപാഡയിലെ ഇരുന്നൂറ്റന്പതോളം നാട്ടുകാർ സംഭവശേഷം ഒളിവിൽ പോയിരിക്കുകയാണെന്ന് ധുലെ എസ്പി എം. രാംകുമാർ പറഞ്ഞു.
ആക്രമണദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരെന്നു സംശയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആൾക്കൂട്ടം നിരപരാധികളെ തല്ലിക്കൊല്ലുന്നതു നിത്യസംഭവമായി മാറിയിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണമാണ് ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്നതിനു പിന്നിൽ. ത്രിപുരയിൽ കഴിഞ്ഞ വ്യാഴാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി മൂന്നു പേരെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. കുട്ടികളെ തട്ടിയെടുക്കാനെത്തിയവരെന്നു സംശയിച്ചായിരുന്നു ആ ആക്രമണവും.
മോഹൻപുർ മേഖലയിൽ പതിനൊന്നുകാരൻ കൊല്ലപ്പെട്ടതായിരുന്നു ആൾക്കൂട്ടത്തിന്റെ പ്രകോപനത്തിനു കാരണം. ജൂൺ പത്തിന് ആസാമിലും മഹാരാഷ്ട്രയിലും രണ്ടു പേരെ വീതം ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. മേയിൽ ജാർഖണ്ഡിൽ ഏഴു പേരെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. മേയ് ഒന്പതിനു തമിഴ്നാട്ടിൽ 55 വയസുള്ള സ് ത്രീ യെയും കുട്ടികളെ തട്ടിയെടുക്കാനെത്തിയതെന്നു സംശയിച്ച് നാട്ടുകാർ തല്ലിക്കൊന്നിരുന്നു.