യാങ്കോണ്: ഇന്ത്യൻ അണ്ടർ20 വനിതാ ദേശീയ ഫുട്ബോൾ ടീം എഎഫ്സി അണ്ടർ20 വനിതാ ഏഷ്യൻ കപ്പിന് യോഗ്യത നേടി. ഇന്നലെ യാങ്കോണിലെ തുവുന്ന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ മ്യാൻമറിനെ 1-0ന് പരാജയപ്പെടുത്തിയാണ് 20 വർഷത്തിനിടെ ആദ്യമായി ഇന്ത്യൻ വനിതകൾ ഏഷ്യൻ കപ്പ് യോഗ്യതാ നേട്ടം കൈവരിച്ചത്.
ഗ്രൂപ്പ് ഡി പോരാട്ടത്തിൽ മ്യാൻമറിനെ മറികടന്നതോടെ ഏഴ് പോയിന്റുമായി ഇന്ത്യൻ വനിതകൾ ഗ്രൂപ്പിൽ ഒന്നാമതെത്തി. അടുത്ത വർഷം തായ്ലൻഡിലാണ് മത്സരം. 27-ാം മിനിറ്റിൽ ഇന്ത്യയുടെ പൂജ മ്യാൻമർ ഗോൾ കീപ്പറെ നിസഹായയാക്കി സ്കോർ ചെയത് ഇന്ത്യയുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിടുകയായിരുന്നു.
ഹോം സപ്പോർട്ട്:
ആദ്യ പകുതിയിൽ 1-0ന് ലീഡ് നേടിയ ഇന്ത്യക്കുമേൽ ശക്തമായ ആക്രമണം രണ്ടാം പകുതിയിൽ മ്യാൻമർ നടത്തി. ഹോം ഗ്രൗണ്ടിൽ ആരാധക സപ്പോർട്ടിൽ നിന്ന് ഊർജംകൊണ്ട് മ്യാൻമർ അറ്റാക്കിംഗ് മത്സരം പുറത്തെടുത്തതോടെ തുടർച്ചയായി ഇന്ത്യൻ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി പന്ത് പറന്നു. ഇന്ത്യൻ ഗോൾകീപ്പർ മൊണാലിഷ ദേവിയുടെ 48-ാം മിനിറ്റിലെ തകർപ്പൻ സേവ് ഇന്ത്യക്ക് രക്ഷയായി.
പ്രതിരോധം:
തുടർച്ചയായ മ്യാൻമർ ആക്രമണങ്ങൾക്ക് ഇന്ത്യ തടയിട്ടു. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതിരുന്ന മൊണാലിഷ ഈ മത്സരത്തിലും രക്ഷകയായി. തുടർച്ചയായി ഗോൾ വലയ്ക്കുള്ളിലേക്കുള്ള ഷോട്ടുകൾ തട്ടിയകറ്റിയതേയാടെ മ്യാൻമർ പ്രതീക്ഷകൾ അസ്തമിച്ചു. ഗ്രൂപ്പ് ഘട്ട ആദ്യ മത്സരത്തിൽ ഇന്തോനേഷ്യയോട് ഗോൾരഹിത സമനില വഴങ്ങിയ ഇന്ത്യ തുർക്ക്മെനിസ്ഥാനെ 7-0ന് പരാജയപ്പെടുത്തിയാണ് മ്യാൻമറിനെതിരേ കളിക്കാനിറങ്ങിയത്.