കോട്ടയം: ഉലയൂതുന്ന ആലകള്‍ വിസ്മൃതിയിലേക്ക്. തീക്കനല്‍ പോലെ ചുട്ടുപഴുത്ത ലോഹത്തില്‍ ഭാരമേറിയ കൂടം മേടുന്ന ശബ്ദം. കേരളത്തിലെ ഓരോ നാട്ടിന്‍പുറത്തെയും പ്രഭാതങ്ങളെ മുഖരിതമാക്കിയകാലം ഓര്‍മയാകാന്‍ ഇനി അധികം നാളില്ല. ഇടയാഴം പാഴുശേരിയില് അശോകന്റെ വാക്കുകളിങ്ങനെയാണ്.
ഇരുമ്പ് പണിക്കാര്, ഓട്ടുപാത്രം നിര്‍മ്മിക്കുന്നവര്‍, മരപ്പണിക്കാര്‍ അങ്ങനെ പല വിഭാഗങ്ങളായി വിഭജിച്ച വിശ്വകര്മജര് ഒരു കാലത്ത് നാടിന്റെ അഭിവാജ്യ ഘടകങ്ങളായിരുന്നു. കാര്‍ഷികവൃത്തിക്കുള്ള തൂമ്പ മുതല്‍ വീട്ടുപകരണങ്ങള്‍ എല്ലാം നിര്‍മിക്കുന്ന ഇരുമ്പ് പണിക്കാരനും അയാളുടെ ആലയില്‍ തൊഴില്‍ ഉപകരണങ്ങളുമായി എത്തുന്ന മനുഷ്യരും, ആലകളില്‍ ഇരുമ്പ് മേടുന്ന ശബ്ദവും, തീക്കനല്‍ പോലെ തിളങ്ങുന്ന ലോഹത്തിന്റെ ചീളുകള്‍ മിന്നല്പിണരുകള് പോലെ ചിതറുന്നതും നാട്ടുമ്പുറങ്ങളിലെ നിത്യകാഴ്ചയായിരുന്നു.
ഇന്ന് എല്ലാ ഉപകരണങ്ങളും വ്യവസായിക അടിസ്ഥാനത്തില്‍ ഫാക്ടറികളില്‍ നിര്‍മിച്ച് മാര്‍ക്കറ്റിലെത്തുമ്പോള്‍, കൈകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന ഉലയും, ഇരുമ്പിന്റെ കൂടത്തില്‍ അടിച്ചു പരത്തി ആയുധങ്ങളാക്കുന്ന ആലയിലെ പണിക്കാരനും ഇന്ന് അന്യം നിന്നു പോകുന്ന തൊഴിലുകളാണ്.
അശോകന് പറയുന്നു എനിക്ക് രണ്ടു മക്കളാണ്. പാരമ്പര്യമായി കിട്ടിയ ഈ തൊഴില്‍ ചെയ്യാന്‍ അവര്‍ തയാറല്ല. എല്ലാവര്ക്കും വൈറ്റ് കോളര്‍ ജോലി മതി. അവരെ കുറ്റം പറയാനില്ല, കലാത്തിനൊപ്പം ഓടിയില്ലെങ്കില്‍ അവര്‍ പിന്നിലാകും. ആലയില്‍ ഇരുമ്പു പണിയുമായി ഇരുന്നാല്‍ ഇക്കാലത്ത് പെണ്ണ് കിട്ടാന്‍ പോലും പാടാണ്, അശോകന്റെ വാക്കുകള്‍.
ആയുധങ്ങളും, തൊഴില്‍ ഉപകരണങ്ങളാമായി മാറുന്ന ഇരുമ്പിന്റെ പതം അറിയണമെങ്കില്‍ അടിച്ചുപരത്തുന്ന ലോഹത്തിനൊപ്പം ആലപണിക്കാരനും വിയര്‍ക്കണം. 80-വര്‍ഷമായി പ്രവര്‍ത്തിക്കുന്നതാണ് അശോകന്റെ ആല. എന്റെ അമ്മാവന്മാര് മാത്രമാണ് ഞങ്ങളുടെ കുടുംബത്തില്‍ ഇന്ന് ആല പണി ചെയ്യുന്നവര്‍, അടുത്ത തലമുറയോടെ ഈ തൊഴിലും വിസ്മൃതിയിലാകും, അശോകന് പറയുന്നു.