ചങ്ങനാശേരി: പഠിച്ചുയരാനുള്ള വലിയ ആഗ്രഹം ബാക്കിനില്‍ക്കേ അബിത പാര്‍വതി ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് പറന്നകന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് അബിതയുടെ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം അറിഞ്ഞത്. അബിതയുടെ വിജയത്തില്‍ വീട്ടുകാരും നാട്ടുകാരും ആഹ്ലാദത്തിലായിരുന്നു. അന്നു രാത്രി ഏഴോടെ അബിത കാറിടിച്ചു മരണപ്പെടുകയായിരുന്നു. അബിതയുടെ സംസ്കാരം ഇന്നലെ വൈകുന്നേരം നാലിന് തോട്ടയ്ക്കാട് മാടത്താനി വടയ്ക്കേമുണ്ടക്കല് വളപ്പിൽ നടന്നു.
തോട്ടയ്ക്കാട് മാടത്താനി വടയ്ക്കേമുണ്ടക്കല് വി.ടി. രമേശന്-കെ.ജി. നിഷ ദമ്പതികളുടെ മകളാണ് അബിത പാര്‍വതി(18). തൃക്കോതമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന അബിത പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെയാണ് വിജയിച്ചത്. വിജയം ആഘോഷിക്കുന്നതിനും അനുജത്തി അബിജയ്ക്ക് സ്കൂള്‍ബാഗും മറ്റും വാങ്ങുന്നതിനുമാണ് അബിത അമ്മ നിഷയ്ക്കൊപ്പം കോട്ടയം മാര്‍ക്കറ്റിലെത്തിയത്.
കോട്ടയം മാര്‍ക്കറ്റില്‍ റോഡ് കുറുകെ കടക്കുമ്പോള്‍ ഇരുവരെയും കാറിടിച്ചു വീഴ്ത്തി. റോഡില്‍വീണ ഇരുവരെയും നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബിതയുടെ ജീവന് രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. അപകടത്തില്‍ നിഷയ്ക്ക് മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിഷയെ അബിതയുടെ സംസ്കാര ചടങ്ങിനായി വീട്ടില്‍ എത്തിച്ചു.
ചാണ്ടി ഉമ്മന്‍ എംഎല്‍എ, ജോബ് മൈക്കിള്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന്, കെ.എം. രാധാകൃഷ്ണന്, വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണന്, ജില്ലാ പഞ്ചായത്തംഗം സുധാ കുര്യന് തുടങ്ങി രാഷ്ട്രീയ, സാമൂഹ്യരംഗത്തെ നിരവധിപ്പേര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
കരയാന്‍പോലുമാകാതെ നിഷ; അബിജയുടെ തേങ്ങല്‍ കണ്ണീർക്കടലായി
തോട്ടയ്ക്കാട്: അബിത പാര്‍വതിയുടെ മൃതദേഹത്തിനരികിലിരുന്ന് അനുജത്തി അബിജ അമ്മ നിഷയെയും അച്ഛന് രമേശനെയും ആശ്വസിപ്പിക്കുന്ന കാഴ്ച അബിതയെ ഒരുനോക്കു കാണാന്‍ തിങ്ങിക്കൂടിയവരെ കണ്ണീരണിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജിഷയെ മകളുടെ സംസ്കാര ചടങ്ങിന്റെ നേരത്താണ് തോട്ടയ്ക്കാട് മാടത്താനിയിലുള്ള വീട്ടിലെത്തിച്ചത്.
മുഖത്തും തലയിലും താടിയെല്ലിലും ഗുരുതരമായി മുറിവും പരിക്കുമുള്ളതിനാല്‍ ബാൻഡേജ് ചുറ്റി വേദനയില്‍ പുളയുന്ന ജിഷയ്ക്ക് മകള്‍ അബിതയുടെ ചേതനയറ്റ ശരീരം കണ്ട് ഒന്നു കരയാനോ അന്ത്യചുംബനം നല്‍കാനോ സാധിക്കാത്ത അവസ്ഥയായിരുന്നു.മകള്‍ അബിജ ജിഷയെ ആശ്വസിപ്പിച്ചു.
അബിജയെ യാത്രയാക്കാന്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് വടക്കേമുണ്ടയ്ക്കല്‍ വീട്ടിലെത്തിയത് സഹപാഠികളും അധ്യാപകരും ബന്ധുക്കളും മിത്രങ്ങളും അടക്കം എണ്ണമറ്റ ജനാവലിയാണ്.ജിഷ കുറുമ്പനാടം സെന്റ് ആന്റണീസ് എല്‍പി സ്കൂളിലെ അധ്യാപികയും രമേശന് പൈലിക്കവലയില്‍ ട്യൂഷന് അധ്യാപകനുമാണ്. ഏകസഹോദരി അബിജ കറുകച്ചാല്‍ എന്‍എസ്എസ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയാണ്.