അങ്കമാലി: റോഡിൽ കിടന്ന കേബിൾ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ മറിഞ്ഞ് യുവാവിനും അമ്മയ്ക്കും പരിക്കേറ്റു. അങ്കമാലി കവരപ്പറമ്പ് വൈപ്പിൽ വീട്ടിൽ അർജുനും (24) അമ്മയ്ക്കുമാണ് പരിക്കേറ്റത്. ഇന്നു പുലർച്ചെ 5.30 ഓടെ അങ്കമാലി-നായത്തോട്-എയർപോർട്ട് റോഡിൽ എംപി ഓഫീസിനു സമീപത്താണ് അപകടം.
ജോലി സ്ഥലത്തേക്ക് അമ്മയെ കൊണ്ടുചെന്നാക്കാൻ പോകുമ്പോഴായിരുന്നു അപകടം. റോഡരികിൽ ഉയർന്നു കിടന്ന കേബിൾ അർജുന്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രെയിലർ ലോറിയിൽ ഇടിച്ചാണ് നിന്നത്.
സ്കൂട്ടറിലിരുന്ന അമ്മയ്ക്ക് നിസാര പരിക്കേറ്റു. തുടയെല്ലിനും കഴുത്തിനും ഗുരുതര പരിക്കേറ്റ അർജുനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കേറിയ വിമാനത്താവള റോഡിൽ വരിവരിയായി ട്രെയിലർ ലോറികൾ പാർക്ക് ചെയ്യുന്നതിനെതിരേ നാട്ടുകാർ പരാതി ഉയർത്തിയിട്ടുള്ളതാണ്.