മെഡിക്കല്‍കോളജ്: ഇടുക്കി പാറേമാവ് തോണിയില്‍ വീട്ടില്‍ അബിന്‍ ശശി(25)ക്ക് മരണമില്ല; യുവാവിന്റെ അവയവങ്ങള്‍ ആറുപേരിലൂടെ പുതുജീവന്‍ കൈവരിക്കും. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച അബിന്റെ അവയവങ്ങള്‍ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കാണ് ദാനം ചെയ്തത്.
കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന അബിന്‍ കഴിഞ്ഞ 15ന് രാവിലെ കൊട്ടാരക്കര പുത്തൂരിൽ വച്ചാണ് അപകടത്തില്‍പ്പെട്ടത്. യുവാവ് സഞ്ചരിച്ച ബൈക്ക് ഒരു ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അബിനെ ആദ്യം കൊട്ടാരക്കരയിലും തുടര്‍ന്നു തിരുവനന്തപുരത്തുമുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 18ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
ബന്ധുക്കളുടെ സമ്മതപ്രകാരം വൃക്കകൾ, കരള്‍, ഹൃദയ വാല്‍വുകള്‍, കോര്‍ണിയകൾ എന്നിവയാണ് ദാനം ചെയ്തത്. ശശിയുടെയും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ലക്ഷ്മി ശശിയുടെയും മകനാണ് അബിന്‍ ശശി. അബിന്റെ മൃതദേഹം ഇന്നു വീട്ടുവളപ്പില്‍ സംസ്കരിക്കും.