കൊച്ചി: നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് കോടതി വിധി പറയും. വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസ് അന്തിമഘട്ടത്തിലെത്തി നിൽക്കുന്നത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന് ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്.
പൾസർ സുനിയെ പിടികൂടിയതിന് പിന്നാലെ 2017 ജൂലൈ 10ന് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു.
2018 മാർച്ച് എട്ടിന് എറണാകുളം പ്രിൻസിപ്പല്‍ സെഷന്‍സ് കോടതിയിൽ വിചാരണ ആരംഭിച്ചു. 2018 ജൂണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹര്‍ജി കോടതി സിംഗിൾ ബെഞ്ച് തള്ളി. കേസിൽ സാക്ഷി വിസ്താരം പൂർത്തിയാകാൻ നാലര വർഷമെടുത്തു.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും, ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

