പത്തനംതിട്ട: ശബരിമല ട്രാക്ടര്യാത്രാ വിവാദത്തില്‍പ്പെട്ട എഡിജിപി എം. ആര്. അജിത് കുമാറിനെ സംരക്ഷിച്ച് പോലീസ് എഫ്ഐആര്‍. സംസ്ഥാന പോലീസ് മേധാവിയുടെ ഉടമസ്ഥതയിലുള്ള കെഎല്‍ 01-സി എന്‍/3056 രജിസ്ട്രേഷനിലുള്ള ട്രാക്ടർ ഓടിച്ച പോലീസ് ഡ്രൈവർക്കെതിരേയാണ് കേസ്. സംസ്ഥാനത്തെ ഉന്നതനായ പോലീസ് ഉദ്യോഗസ്ഥനെ ട്രാക്ടര്‍ ഡ്രൈവറായ സാധാരണ പോലീസുകാരന് നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റി സന്നിധാനത്തേക്കു കൊണ്ടുപോയതാണെന്ന തരത്തിലാണ് പ്രഥമ വിവര റിപ്പോര്‍ട്ട്.
ആളെ കയറ്റി സന്നിധാനത്തേക്കും തിരിച്ചു യാത്ര ചെയ്തതിനാണ് കേസ് ചുമത്തിയത്. എന്നാല്‍ ഇയാളുടെ പേരും എഫ്ഐആറില്‍ ഇല്ല. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. തിരുവല്ല പോലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവർ വിവേക് കുമാർ ആണ് വാഹനം ഓടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായിരുന്നു.
പമ്പ പോലീസ് ഇന്‍സ്പെക്ടര്‍ സി. കെ. മനോജാണ് കേസെടുത്തത്. ട്രാക്ടറില്‍ യാത്ര ചെയ്ത എം. ആര്. അജിത് കുമാറിനെക്കുറിച്ച് എഫ്ഐആറില്‍ പരാമര്‍ശമില്ല. കേരളാ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പമ്പ-സന്നിധാനം പാതയില്‍ ചരക്കു നീക്കത്തിനു അനുമതിയുളള ട്രാക്ടറില്‍ ആളുകളെ കയറ്റുന്നതു നിരോധിച്ചിരിക്കെ, അതിനു വിരുദ്ധമായി പ്രതി ഡ്രൈവറായിട്ടുള്ള കെ എല്‍ 01-സി എന്‍/3056 രജിസ്ട്രേഷനിലുള്ള ട്രാക്ടര്‍ സ്വാമി അയ്യപ്പന് റോഡില്‍ക്കൂടി അലക്ഷ്യമായും അപകടകരമായും മനുഷ്യജീവന് ആപത്ത് വരത്തക്കരീതിയില്‍ ജൂലൈ 12ന് രാത്രി 9.05ന് മുന്നു ആള്‍ക്കാരെ കയറ്റിപമ്പയില്നിന്ന് സന്നിധാനത്തേക്കും 13ന് ഉച്ചയ്ക്ക് 1.40ന് രണ്ടുപേരുമായി മരക്കൂട്ടത്തുനിന്ന് പമ്പയിലേക്ക് ഓടിച്ചുവരുന്നതായി സിസി ടിവി ദൃശ്യങ്ങളിലും മറ്റും കണ്ട് പ്രതി കുറ്റം ചെയ്തിരിക്കുന്നു എന്നാണ് എഫ്ഐആര്‍.
പോലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലാണ് അജിത് കുമാര്‍ യാത്ര ചെയ്തത്. സംസ്ഥാന പോലീസ് മേധാവിയാണ് ട്രാക്ടര്‍ ഉടമ. പോലീസ് സേനാംഗമാണ് ട്രാക്ടറിന്റെ ഡ്രൈവര്‍. ഇദ്ദേഹത്തിനെതിരേ മോട്ടോര്‍ വാഹന നിയമങ്ങള്‍ പ്രകാരവും കുറ്റം ചുമത്തി. എഡിജിപിയുടെ ട്രാക്ടര്‍ യാത്ര ദൗര്‍ഭാഗ്യകരമെന്നും ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍നിന്ന് അജിത് കുമാറിന്റെ പ്രവൃത്തി മനപൂർവമാണെന്നു വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അജിത് കുമാറിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ ആംബുലന്‍സ് ഉപയോഗിക്കാമായിരുന്നല്ലോയെന്നും ദേവസ്വം ബഞ്ച് ചോദിച്ചു. ട്രാക്ടര്‍ യാത്ര ചട്ടവിരുദ്ധമെന്നാണ് സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ. ഈ കര്‍ശന നിര്‍ദ്ദേശം മറികടന്നാണപോലീസിന്റെ ട്രാക്ടറില്‍ അജിത് കുമാര്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ദര്‍ശനത്തിനു പോയത്.
ഏറെക്കാലം ശബരിമലയുടെ ചുമതല വഹിച്ചിരുന്ന പോലീസ് ഉന്നതനാണ് എഡിജിപി അജിത് കുമാര്‍. നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് എം. ആര്. അജിത്കുമാര്‍ പമ്പയില്‍ എത്തിയത്. തുടര്‍ന്ന് പോലീസിന്റെ ട്രാക്ടറില്‍ സന്നിധാനത്തേക്ക് പോവുകയായിരുന്നു. ദര്‍ശനം നടത്തി അടുത്തദിവസം വീണ്ടും ട്രാക്ടറില്‍ മലയിറങ്ങി.