കാഞ്ഞങ്ങാട്: 18 വർഷമായി വക്കീൽ ഗുമസ്തനായി ജോലി ചെയ്തയാൾ അവസാനം വക്കീൽ കുപ്പായമണിയുന്നു; അതും വക്കീൽ ഗുമസ്തനായിരുന്ന പിതാവിന്റെ പത്താം ചരമവാർഷിക ദിനത്തിൽ. കാഞ്ഞങ്ങാട്ടെ സീനിയർ വക്കീൽ ഗുമസ്തനായിരുന്ന കാഞ്ഞങ്ങാട് മാണിക്കോത്തെ പി.വി.ദാമോദരന്റെ മകൻ കരിവെള്ളൂർ കൊഴുമ്മലിലെ ഡി.കെ.സിനോരാജാണ് ശനിയാഴ്ച ഹൈക്കോടതി കോംപ്ലക്സിൽ നടന്ന സന്നദ് ദാന ചടങ്ങിൽ അഭിഭാഷകനായി എൻറോൾ ചെയ്തത്.
ഹൈക്കോടതി ജഡ്ജി അനുശിവരാമന്റെ കയ്യിൽ നിന്നാണു സന്നദ് ഏറ്റുവാങ്ങിയത്. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കി 2001 ൽ പിതൃസഹോദരൻ കൂടിയായ കാഞ്ഞങ്ങാട്ടെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ പി.വി.മുരുകനൊപ്പം ജോലി തുടങ്ങി. സിനോരാജിനെ അഭിഭാഷകനാക്കണമെന്നതു പിതാവിന്റെ ആഗ്രഹമായിരുന്നു.
ജോലിക്കൊപ്പം ഭോപ്പാലിലെ നാഷണൽ ലോ അക്കാദമിയിലെ എയിസെക്ട് സ്കൂൾ ഓഫ് ലോയിൽ നിന്നാണ് എൽഎൽബിയെടുത്തത്. 2009 ൽ ഏപ്രിൽ 16 ന് മരിച്ച പിതാവിന്റെ പത്താം ഓർമദിനത്തിൽ സിനോരാജ് വക്കീൽ കോട്ടണിയും. ഹൊസ്ദുർഗ് ബാറിന്റെ ചരിത്രത്തിൽ ഒരു വക്കീൽ ഗുമസ്തൻ ജോലിക്കിടെ നിയമം പഠിച്ചു അഭിഭാഷകനായി എൻറോൾ ചെയ്യുന്നത് ഇതാദ്യമായാണ്.