ന്യൂഡൽഹി: കുനാർ നദിയിൽ അണക്കെട്ടുകൾ നിർമിച്ച് പാകിസ്ഥാന്റെ ജലലഭ്യത നിയന്ത്രിക്കാൻ അഫ്ഗാനിസ്ഥാൻ. ഇന്ത്യയുടെ സിന്ധു നദീജല നീക്കത്തിനു സമാനമായാണ് അഫ്ഗാൻ ഭരണകൂടത്തിന്റെ നീക്കം. താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയാണ് അണക്കെട്ടു നിർമിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ആക്ടിംഗ് ജലമന്ത്രി മുല്ല അബ്ദുൾ ലത്തീഫ് മൻസൂർ എക്സിൽ പ്രഖ്യാപിച്ചു.
അഫ്ഗാനികൾക്കു സ്വന്തം ജലം കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ട്. വിദേശ കന്പനികളേക്കാൾ ആഭ്യന്തര സ്ഥാപനങ്ങളായിരിക്കും നിർമാണത്തിനു നേതൃത്വം നൽകുക എന്നും മന്ത്രി തന്റെ പോസ്റ്റിൽ വ്യക്തമാക്കി.ഈ മാസം ഡ്യൂറണ്ട് ലൈനിലുണ്ടായ അക്രമം (പാക്കിസ്ഥാനുമായുള്ള തർക്കത്തിലുള്ള 2,600 കിലോമീറ്റർ അതിർത്തി) ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായി മാറിയിരുന്നു. നൂറുകണക്കിന് ആളുകളാണ് മരിച്ചത്.
ഏപ്രിൽ 22ന് ജമ്മു കാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ സ്വീകരിച്ച നടപടികളുടെ പ്രതിഫലനമാണ് പാകിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിക്കാനുള്ള താലിബാന്റെ നീക്കം. പഹൽഗാം ആക്രമണത്തിന് ഇരുപത്തിനാലു മണിക്കൂറിനുശേഷം സിന്ധു നദിയിലെയും അതിന്റെ പോഷകനദികളിലെയും വെള്ളം പങ്കിടുന്നതിനുള്ള 65 വർഷം പഴക്കമുള്ള കരാറായ സിന്ധുജല ഉടമ്പടി ഇന്ത്യ റദ്ദാക്കിയിരുന്നു.
കുനാർ നദി
ഏകദേശം 500 കിലോമീറ്റർ ദൈർഘ്യമുള്ള കുനാർ നദി വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പർവതനിരകളിൽനിന്നാണ് ഉത്ഭവിക്കുന്നത്. ഇത് കുനാർ, നങ്കർഹാർ പ്രവിശ്യകളിലൂടെ ഒഴുകിയ ശേഷം പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലേക്ക് പ്രവേശിക്കുകയും ജലാലാബാദ് നഗരത്തിനടുത്ത് കാബൂൾ നദിയിൽ ചേരുകയും ചെയ്യുന്നു. പാകിസ്ഥാനിൽ കുനാർ നദി ചിത്രാൽ നദി എന്ന പേരിലാണ് അറിയപ്പെടുന്നത്.
അഫ്ഗാനും പാകിസ്ഥാനുമിടയിലുള്ള ഏറ്റവും വലിയ അന്തർദേശീയ നദിയാണ് കാബൂൽ നദി. കാബൂൾ നദി അറ്റോക്കിന് സമീപം സിന്ധു നദിയിൽ ചേരുന്നു. പാകിസ്ഥാന് നദിയിലെ ജലം നിർണായകമാണ്. കുനാർ നദിയിലെ ജലപ്രവാഹം കുറയുന്നത് സിന്ധു നദിയിലെ ജലത്തെയും ബാധിക്കും.
ജലസേചനം, കുടിവെള്ളം, ജലവൈദ്യുത ഉത്പാദനം എന്നിവയുടെ പ്രധാന സ്രോതസാ ണ് കാബൂൾ നദി. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതാണ് അഫ്ഗാന്റെ നീക്കം.
നദി പാക്കിസ്ഥാനിലേക്കു കടക്കുന്നതിനു മുമ്പ് അഫ്ഗാനിസ്ഥാൻ കുനാർ-കാബൂളിൽ അണക്കെട്ടുകൾ നിർമിച്ചാൽ പാക്കിസ്ഥാൻ കൊടിയ വരൾച്ചയിൽ അകപ്പെടും. ഇന്ത്യ-പാക് കരാർ പോലെ, കാബൂൽ നദിയിലെ ജലം പങ്കിടുന്നതിനെ നിയന്ത്രിക്കുന്ന ഉടമ്പടികളൊന്നും ഇരുരാജ്യങ്ങളും തമ്മിലില്ല. അതുകൊണ്ട് കാബൂളിന്റെ നീക്കത്തെ തടയാനും മാർഗമില്ല.
നദികളിൽ പിടിമുറുക്കി താലിബാൻ
2021 ഓഗസ്റ്റിൽ അഫ്ഗാൻ സർക്കാരിന്റെ നിയന്ത്രണം പിടിച്ചെടുത്തതിനുശേഷം, താലിബാൻ തങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ അണക്കെട്ടുകളും കനാലുകളും നിർമിച്ച്, പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ മേൽ തങ്ങളുടെ അധികാരം സ്ഥാപിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്.
വടക്കൻ അഫ്ഗാനിൽ നിർമിക്കുന്ന വിവാദമായ ഖോഷ് തേപ കനാൽ ഒരു ഉദാഹരണമാണ്. 285 കിലോമീറ്റർ ദൈർഥ്യമുള്ള കനാൽ 550,000 ഹെക്ടറിലധികം വിസ്തൃതിയുള്ള വരണ്ട പ്രദേശത്തെ പ്രായോഗിക കൃഷിയിടമാക്കി മാറ്റുമെന്നാണ് താലിബാന്റെ പ്രതീക്ഷ.
അമു ദര്യ എന്ന മറ്റൊരു നദിയുടെ 21 ശതമാനംവരെ വഴിതിരിച്ചുവിടാൻ കനാൽ സഹായിക്കും. അങ്ങനെ സംഭവിച്ചാൽ ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ തുടങ്ങിയ ജലക്ഷാമം അനുഭവിക്കുന്ന രാജ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും.
കഴിഞ്ഞയാഴ്ച താലിബാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്താക്കി ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. ഹെറാത്ത് പ്രവിശ്യയിൽ അണക്കെട്ട് നിർമിക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണയ്ക്ക് മുത്താക്കി നന്ദി പറഞ്ഞിരുന്നു.

