തൊടുപുഴ: തൊടുപുഴ: ബഹുവിളകൃഷിയിലൂടെ മണ്ണിൽ പൊന്നുവിളയിക്കുകയാണ് അറക്കുളം അശോക സ്വദേശി പനച്ചിക്കൽ അജിൽ പി. ജേക്കബ്. പുതുതലമുറ കൃഷിയിൽനിന്ന് അകലുന്പോൾ അവർക്ക് പ്രചോദനം നൽകാനും സ്വാശ്രയത്വം, സ്വയംപര്യാപ്തത എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുമാണ് ഈ യുവകർഷകൻ സമ്മിശ്ര കൃഷിയിലേക്ക് തിരിഞ്ഞത്.
നാലേക്കർ പുരയിടത്തിൽ ശ്രീലങ്കൻ ഹൈബ്രീഡ്, കേരശ്രീ, ആയിരംകാച്ചി, ഡിXടി , വെസ്റ്റ് കോസ്റ്റ് എന്നീ ഇനങ്ങളിൽപ്പെട്ട തെങ്ങ്, റബർ എന്നിവയ്ക്കു പുറമെ നേന്ത്രവാഴ, പച്ചക്കറി, പഴ വർഗങ്ങൾ എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്.
പാലാ സോഷ്യൽ സർവീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട അഗ്രിമ നഴ്സറിയിൽനിന്ന് വാങ്ങിയ അർക്കമംഗള ഇനം പയർവിത്ത് 25 സെന്റിൽ നട്ട് പന്തലൊരുക്കി പരിപാലിച്ചുവരുന്നു. പ്രാദേശിക വിപണിയിൽ കിലോയ്ക്ക് 40 – 45 രൂപയ്ക്കാണ് നാടൻ പയർ വിൽപ്പന നടത്തിവരുന്നത്. നീലം, മൽഗോവ, ബ്ലാക്ക് പ്രിയോർ, ബനാന, റോയൽ മൂവാണ്ടൻ, കോട്ടൂർക്കോണം തുടങ്ങി പത്തോളം മാവിനങ്ങളും കൃഷിയിടത്തിൽ തഴച്ചു വളരുന്നു.
ഡ്രാഗണ്‍ ഫൂട്ട്, അബിയു, പുലാസാൻ, റംബുട്ടാൻ, സലാഡ് കുക്കുംബർ എന്നിവയെല്ലാം കൃഷി ചെയ്തിട്ടുണ്ട്. കാഞ്ഞാർ ഏദൻ നഴ്സറിയിൽനിന്നാണ് റംബുട്ടാൻ തൈകൾ വാങ്ങിയത്.മലപ്പുറത്തുനിന്ന് വാങ്ങിയ മഞ്ചേരി കുള്ളൻ അഞ്ചാം മാസം കായ്ഫലം നൽകി. മൂന്നു മാസം കഴിയുന്പോൾ വിളവെടുക്കാൻ കഴിയുമെന്ന് അജിൽ പറഞ്ഞു.
തക്കാളി, പാവൽ, കൊന്പൻ മുളക് എന്നിവയും കീടബാധയില്ലാതെ മികച്ച വിളവ് നൽകുന്നു. നേരത്തെ അറക്കുളം മേഖലയിൽ കുരുമുളക് കൃഷി വ്യാപകമായുണ്ടായിരുന്നു. കൃഷി പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുരമുളക് പടർന്നുകയറുന്നതിനുള്ള പയ്യാനിതൈകൾ പുരയിടത്തിനു ചുറ്റും നട്ടുപിടിപ്പിച്ചുകഴിഞ്ഞു. സീസണാകുന്നതോടെ പ്രതിരോധ ശേഷിയുള്ള നല്ലയിനം കുരുമുളക് തൈകൾ നടുന്നതിനുള്ള ഒരുക്കം ആരംഭിച്ചിട്ടുണ്ട്.
പച്ചക്കറി കൃഷിയിൽ ഭാര്യ ആശയുടെ സഹകരണവുമുണ്ട്. മൂലമറ്റം സെന്റ് ജോർജ് ഫൊറോന പാരീഷ് കൗണ്‍സിൽ അംഗം, കത്തോലിക്ക കോണ്‍ഗ്രസ് മേഖല പ്രസിഡന്റ് എന്നീവഉത്തരവാദിത്വങ്ങൾ വഹിക്കുന്നതിനു പൊതു പ്രവർത്തകൻകൂടിയാണ് അജിൽ. റയാൻ, ആൻറിയ എന്നിവരാണ് മക്കൾ.
- ജോയി കിഴക്കേൽ

