തിരുവനന്തപുരം: എ.കെ. ആന്റണിയുടെ വാര്‍ത്താസമ്മേളനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം. വാര്‍ത്താസമ്മേളനം നേട്ടമായെന്ന് ഒരു വിഭാഗവും പാര്‍ട്ടിക്ക് ക്ഷീണമായെന്ന് മറ്റൊരു വിഭാഗം നേതാക്കളും അഭിപ്രായ പ്രകടനങ്ങളുമായി രംഗത്തെത്തിയതാണ് പുതിയ വിവാദം.
ശിവഗിരിയിലെ പോലീസ് നടപടി, മുത്തങ്ങയിലെ വെടിവയ്പ്പ്, മാറാട് കലാപം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആന്റണി വാര്‍ത്താസമ്മേളനം നടത്തുകയും പല നടപടികളിലും വിഷമവും വേദനയും ഉണ്ടാക്കിയെന്നും മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് നടപടികളിലേക്ക് പോയതെന്നും വിശദീകരിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പോലീസ് നടപടികളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് ആന്റണി വാര്‍ത്താസമ്മേളനം വിളിച്ച് മറുപടി പറഞ്ഞത്.തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉള്‍പ്പെടെയുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ആന്റണിക്ക് അനുകൂല നിലപാടുമായി രംഗത്തെത്തി.
പോലീസ് വെടിവയ്പ്പുകളെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ പല വെടിവയ്പ്പുകളും ചര്‍ച്ച ചെയ്യേണ്ടി വരും. ചെറിയതുറ വെടിവയ്പ്പ് എങ്ങനെ സംഭവിച്ചുവെന്നു മറുപടി പറയേണ്ടി വരുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അതേസമയം മുത്തങ്ങയിലെ വെടിവയ്പ്പിന് മാപ്പില്ലെന്ന് ആദിവാസി നേതാവ് സി.കെ. ജാനു അഭിപ്രായപ്പെട്ടു. സമരക്കാര്‍ എല്ലാവരും അറസ്റ്റ് വരിക്കാന്‍ തയാറായ സാഹചര്യത്തിലായിരുന്നു വെടിവയ്പ്പ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രൂരപീഡനത്തിനിരയായെന്നും ജാനു അഭിപ്രായപ്പെട്ടു.